ഭോപ്പാല്‍: കുഞ്ഞിനെയുമേന്തി ജോലിക്കെത്തിയ പൊലീസുകാരിയെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ജോലിയോടുള്ള അവരുടെ ആത്മാര്‍ത്ഥതയെയാണ് അദ്ദേഹം വാനോളം പുകഴ്ത്തിയത്. ദേഹത്ത് ചേര്‍ത്തിട്ട ബേബി കാരിയറിലാണ് അവര്‍ മകളുമായി ഹെലിപ്പാഡ് ഡ്യൂട്ടിക്ക് എത്തിയത്.

മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. എന്നാല്‍ ഇത് പ്രതിപക്ഷം ഭരണപക്ഷത്തെ അടിക്കാനുള്ള വടിയാക്കി മാറ്റിയിരിക്കുകയാണ്. കടുത്ത ചൂടില്‍ കേവലം ഒന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി ഒരമ്മയ്ക്ക് ഡ്യൂട്ടിക്കെത്തേണ്ടി വന്നു എന്നത് സംസ്ഥാനസര്‍ക്കാരിന്റെ ജീവനക്കാരോടുള്ള അലംഭാവമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മോണിക്ക സിങാണ് കുഞ്ഞുമായി ഡ്യൂട്ടിക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജോബത്ത് നിയമസഭാ സീറ്റില്‍ രണ്ട് ദിവസത്തെ പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രിയുടെ ഹെലിപ്പാഡ് വേദിയിലായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി.

മോണിക്കയും മകളുമൊത്തുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് മുഖ്യമന്ത്രി അഭിനന്ദനം ചൊരിഞ്ഞത്. മധ്യപ്രദേശ് നിങ്ങളെക്കണ്ട് അഭിമാനിക്കുന്നു. മോണിക്കയ്ക്കും കുഞ്ഞിനും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. വിമാനത്തില്‍ കയറും മുമ്പ് കുഞ്ഞിന്റെ തലയില്‍ കൈവച്ച് അനുഗ്രിക്കുന്ന ചിത്രങ്ങളാണ് ചൗഹാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.