പട്യാല: ഓണ്‍ലൈന്‍ ഗണിതശാസ്ത്ര അധ്യാപകന്‍ അറസ്റ്റിലായതോടെ രണ്ട് കൊലപാതക കേസുകള്‍ക്ക് തുമ്പുണ്ടായെന്ന് പഞ്ചാബ് പൊലീസ്. നൈട്രജന്‍ വാതകം ഉപയോഗിച്ചാണ് പ്രതി രണ്ട് കൊലപാതകങ്ങളും നടത്തിയത്. ഒരു മാസത്തിനിടെ ആയിരുന്നു കൊലപാതകങ്ങള്‍.

സ്വന്തം ഭാര്യയെയും കാമുകിയെയുമാണ് നവീന്ദര്‍ പ്രതിപാല്‍ സിങ് എന്ന പ്രതി കൊലപ്പെടുത്തിയത്. ഭട്ടിന്‍ഡയിലെ ചുപീന്ദര്‍ പാല്‍ കൗര്‍ എന്ന യുവതിയെ ഈ മാസം പതിമൂന്നിനാണ് നാല്‍പ്പതുകാരനായ അധ്യാപകന്‍ കൊലപ്പെടുത്തിയത്. ഇവരുടെ വിവാഹത്തിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കെ ആയിരുന്നു ഈ കൊലപാതകം. ഈ മാസം പതിനൊന്നിന് വിവാഹവശ്യത്തിനായി സാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ പാട്യാലയില്‍ എത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇവരുടെ കൊലപാതക വാര്‍ത്തയാണ് കേട്ടത്.

പൊലീസിനെ വഴി തെറ്റിക്കാനായി സിങ് ഒരു കള്ളക്കഥ മെനഞ്ഞ് പറഞ്ഞു. തന്നോട് വഴക്കിട്ട് ചുപീന്ദര്‍ ഒക്ടോബര്‍ പതിനാലിന് തന്റെ അടുത്ത് നിന്ന് പോയി എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഇയാള്‍ കരുതിക്കൂട്ടിയാണ് ഈ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ കിടപ്പുമുറിയില്‍ ഒരു കുഴി തയാറാക്കി ഇട്ടിരുന്നു. കൊലപാതകത്തിന് ശേഷം ഇവരുടെ ശരീരം ഇതിലിട്ട് മൂടി പുറത്ത് ടൈലും പതിച്ചു. പിന്നീട് കാര്‍പറ്റും ഇട്ടു.

കാമുകിയെ കൊലപ്പെടുത്തിയത് പോലെ തന്നെ സെപ്റ്റംബര്‍ പത്തൊന്‍പതിന് രാത്രി ഭാര്യ സുഖദീപ് കൗറിനെയും കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 2018ലായിരുന്നു ഈ വിവാഹം. നൈട്രജന്‍ വാതകം ഉപയോഗിച്ച് തന്നെയാണ് ഇവരെയും കൊന്നത്. പിന്നീടിത് ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളോട് പറഞ്ഞു. നിരവധി വിവാഹങ്ങള്‍ കഴിക്കേണ്ടി വന്നതിലെ സമ്മര്‍ദ്ദം മൂലമാണ് താന്‍ ഇത്തരത്തില്‍ കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

2018ല്‍ തന്നെ ഇയാള്‍ മറ്റൊരു വിവാഹവും കഴിച്ചിരുന്നു. വാടകയ്ക്ക് എടുത്ത വീട്ടില്‍ അവര്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതേ പറ്റി അറിയില്ലായിരുന്നു. 2014ല്‍ ഒരു സ്ത്രീ ഇയാളുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായും ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.