ഭുവനേശ്വര്‍: ഭാര്യയെ വിറ്റ പതിനേഴുകാരന്‍ അറസ്റ്റില്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള പണത്തിനായാണ് ഭാര്യയെ വിറ്റത്.

ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്കാണ് അന്‍പത്തഞ്ചുവയസുള്ള ആള്‍ക്ക് 26കാരിയെ വിറ്റത്. പൊലീസ് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പതിനേഴുകാരനെ പിന്നീട് വീട്ടിലേക്ക് വിട്ടതായി റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനിാണ് സംഭവം.

കഴിഞ്ഞ ജൂലൈയിലാണ് പതിനേഴുകാരന്‍ വിവാഹിതനായത്. ഒഡിഷ സ്വദേശികളായ ഇവര്‍ പിന്നീട് ജോലി അന്വേഷിച്ച് രാജസ്ഥാനില്‍ എത്തുകയായിരുന്നു. കട്ടനിര്‍മ്മാണ സ്ഥലത്ത് ഇവര്‍ക്ക് ജോലി കിട്ടി. ഭാര്യയെ വിറ്റ ശേഷം ഇയാള്‍ സ്വന്തം നാട്ടിലേക്ക് തിരികെ പോന്നു. ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അവളെ താന്‍ ഉപേക്ഷിച്ചെന്ന് അയാള്‍ മറുപടി നല്‍കി. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ പുറത്ത് വന്നത്.

ഭാര്യയെ വിറ്റ് കിട്ടിയ പണം കൊണ്ട് ഇയാള്‍ ഫോണ്‍ വാങ്ങിയതായും ബാക്കിയുള്ള പൈസയ്ക്ക് ഭക്ഷണം കഴിച്ചതായും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് രാജസ്ഥാനിലെത്തി സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ മൂലം സാധിച്ചില്ല. അന്‍പ്പത്തഞ്ചുകാരന്‍ വില കൊടുത്ത് വാങ്ങിയതാണ് ഇവരെയെന്നും അതിനാല്‍ തിരികെ കൊണ്ടുപോകാനാകില്ലെന്നും പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.