ഉത്തരാഖണ്ഡ്. ശക്തമായ മഞ്ഞുവീഴ്ചയിൽ ഉത്തരാഖണ്ഡിൽ 11 പർവതാരോഹകർ മരിച്ചു. ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയെയുമാണ് അപകടത്തിന് കാരണം. 17 അം​ഗ സംഘത്തിലെ ബാക്ക് ആറ് പേർക്കായി ഇപ്പോഴും വ്യോമസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ഒക്ടോബര്‍ 18നാണ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ ചുരത്തില്‍ പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവിടെ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശനിയാഴ്ചയോടെ മൃതദേഹങ്ങള്‍ തിരികെ എത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഡൽഹി സ്വദേശിയാണെന്നും ഒൻപത് പേര്‍ പശ്ചിമബംഗാളിൽ നിന്നുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹങ്ങൾ ഉടൻ വിമാനമാർഗം സ്ഥലത്ത് നിന്ന് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.