തിരുപ്പതി: ആന്ധ്രാപ്രദേശില്‍ രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം ബാഗിലാക്കി പെണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ദുര്‍ഗില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. മകളെ കൊന്ന കേസില്‍ മല്ലികാര്‍ജുനയെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടറെ കാണുന്നതിനായി കാത്തിരിക്കുന്ന സമയത്ത് കുഞ്ഞ് കരയാന്‍ തുടങ്ങി. ആശുപത്രി പരിസരം കാണിച്ച്‌ കരച്ചില്‍ മാറ്റിയിട്ട് ഉടന്‍ വരാമെന്ന് പറഞ്ഞ് മല്ലികാര്‍ജുന കുഞ്ഞിനെയും എടുത്ത് പുറത്തേയ്ക്ക് പോയി. വൈകുന്നേരം വരെ കാത്തുനിന്നിട്ടും കാണാതായതോടെ മല്ലികാര്‍ജുനയുടെ ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു.

മല്ലികാര്‍ജുനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ട പൊലീസിന് പ്രതിയുടെ നീക്കങ്ങളെ കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിലാണ് കുട്ടിയെ കൊന്നു എന്ന കുറ്റസമ്മതം മല്ലികാര്‍ജുന നടത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാര്‍ജുന കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമുള്ളതായി തോന്നിയിരുന്നില്ല. ഇതാണ് കൊലപാതകം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

കുട്ടിയുടെ മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചു. തുടര്‍ന്ന് ബാഗിലാക്കി വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് ഇയാൾ മൊഴി നൽകി.