മുംബൈ: നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്‌എഫ്. വിമാനത്താവളത്തില്‍ കൃത്രിമക്കാല്‍ അഴിച്ച്‌ പരിശോധിച്ച സംഭവത്തിലാണ് ക്ഷമാപണം.
തന്റെ കൃത്രിമക്കാല്‍ വിമാനത്താവളങ്ങളില്‍(സ്ഥിരമായി അഴിച്ചു പരിശോധിക്കുന്നതില്‍ സുധാ ചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് കൃത്രിമക്കാല്‍ അഴിച്ചു പരിശോധിക്കേണ്ടതെന്ന് സിഐഎസ്‌എഫ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതിനെതിരെ നടി പ്രതിഷേധിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലും വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം.