ചെന്നൈ: മകന്‍ അച്ഛനെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മുന്‍ ഡെപ്യൂട്ടി കളക്ടറാണ് കൊല്ലപ്പെട്ടത്.

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചായിരുന്നു കൊലപാതകം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനാണ് 32കാരനായ യുവാവ് ഈ അരും കൊല നടത്തിയത്. സുബ്രഹ്‌മണ്യന്‍(60) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കുടല്ലൂരിലാണ് സംഭവം.

സുബ്ഹ്‌മണ്യന്‍ മകന്‍ കാര്‍ത്തിക്കിനൊപ്പം ആനൈക്കുപ്പത്തിലെ മീനാക്ഷി നഗറിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയി. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാര്‍ത്തിക് തൊഴില്‍രഹിതനാണ്. തികഞ്ഞ മദ്യപാനിയും. തലേദിവസം മദ്യം വാങ്ങാന്‍ കാശ് നല്‍കാത്തതിന് പിതാവുമായി വഴക്കുമ്ടായി. പിറ്റേദിവസം രാവിലെ ഇതേച്ചൊല്ലി വീണ്ടും കലഹിച്ചു. അക്രമാസക്തനായ കാര്‍ത്തിക് ഇരുമ്പ് ദണ്ഡ് കൊണ്ട് പിതാവിനെ തലയ്ക്കടിച്ച് വീഴ്ത്തി. ഇതോടെ ഇദ്ദേഹം ബോധരഹിതനായി.

തുടര്‍ന്ന് കാര്‍ത്തിക് ഒരു സ്വകാര്യ ആംബുലന്‍സ് ഏജന്‍സിയില്‍ വിളിച്ച് മൊബൈല്‍ മോര്‍ച്ചറി ആവശ്യപ്പെട്ടു. അതുമായി ആംബുലന്‍സ് ഡ്രൈവര്‍ വീട്ടിലെത്തിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെക്കുറിച്ച് അയല്‍ക്കാര്‍ ചോദിച്ചെങ്കിലും ഇയാള്‍ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. കാര്‍ത്തിക്കിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സുബ്രഹ്‌മണ്യന്റെ മറ്റ് രണ്ട് ആണ്‍മക്കള്‍ ബംഗളുരുവിലും ചെന്നൈയിലുമാണ് താമസിക്കുന്നത്. മകള്‍ ലണ്ടനിലും.