ഗുവാഹത്തി: പാകിസ്ഥാനിലെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സില്‍ നിന്ന് ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഐഎസ്‌ഐയ്ക്ക് പുറമെ അല്‍ഖ്വയ്ദയില്‍ നിന്നും ഭീഷണി ഉണ്ട്.

സംസ്ഥാനത്തെ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന് ആരോപിച്ചാണ് ഭീകരര്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അസമില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ആക്രമണ സാധ്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസമിലെ ആര്‍എസ്എസ് നേതാക്കളെയും സൈനികരെയും ആണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മറ്റിടങ്ങൡും ആക്രമണ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളഭീകരസംഘടനകളില്‍ നിന്നും ഭീഷണി ഉണ്ട്. ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള ആരാധനാലയങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍ തുടങ്ങിയവയെ ആണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസമിലും കശ്മീരിലും ജിഹാദിന് അല്‍ഖ്വയ്ദ ആഹ്വാനം ചെയ്തിട്ടുണ്ട്. അസമിലെ ദാരംഗ് ജില്ലയിലെ ധല്‍പൂര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. രണ്ട് പേരാണ് ഇതുമായി ബന്ധപ്പെട്ട് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബറിലാണ് ഇത് അരങ്ങേറിയത് അനധികൃതമായി സ്ഥലം കയ്യേറി താമസമുറപ്പിച്ചവരെ ഒഴിപ്പിക്കാനായിരുന്നു അധികൃതരുടെ ശ്രമം. ഇത് മുസ്ലീം സമുദായത്തിനെതിരെ നടന്ന ആസൂത്രിത ആക്രമണമാണെന്ന് ഭീകരര്‍ ട്വീറ്റില്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സംവിധാനവും ഉപയോഗിച്ച് ഭീഷണി നേരിടാന്‍ വേണ്ട മുന്‍കരുതല്‍ കൈക്കൊള്ളളണമെന്നാണ് പൊലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.