മുംബൈ: കുട്ടിക്കാലത്ത് താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം നീനഗുപ്ത രംഗത്ത്. ഡോക്ടറും തയ്യല്‍ക്കാരനും അടക്കമുള്ളവരാണ് തന്നെ പീഡിപ്പിച്ചതെന്നും താരം വെളിപ്പെടുത്തി.

എന്നാല്‍ ഇക്കാര്യങ്ങള്‍ തന്റെ അമ്മയോട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. തന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് അമ്മ തന്നെ കുറ്റപ്പെടുത്തുമെന്ന് ഭയന്നാണ് അമ്മയില്‍ നിന്ന് ഇത് മറച്ച് വച്ചതെന്നും താരം വ്യക്തമാക്കുന്നു.

സച്ച് കഹാം തോ എന്ന തന്റെ ആത്മകഥയിലാണ് ആരാധകരെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ താരം നടത്തിയിരിക്കുന്നത്. ജൂണിലാണ് പുസ്തകം പുറത്തിറങ്ങിയത്. തന്റെ ജീവിതത്തിലുണ്ടായ പല ദുരനുഭവങ്ങളെക്കുറിച്ചും താരം തന്റെ ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്.

അതിലൊന്നാണ് നേത്രരോഗവിദഗ്ദ്ധനില്‍ നിന്നുണ്ടായത്. കണ്ണ് പരിശോധിക്കാനെത്തിയപ്പോള്‍ അയാള്‍ കണ്ണിന് പുറമെ ശരീരത്തിലെ മറ്റ് പല ഭാഗങ്ങളും പരിശോധിച്ചെന്ന് താരം എഴുതിയിട്ടുണ്ട്. ഈ അനുഭവം വീട്ടിലേക്ക് തിരികെ ഉള്ള യാത്രയില്‍ മുഴുവന്‍ തന്നെ ഭയപ്പെടുത്തി. എന്നാല്‍ അമ്മയോട് ഇക്കാര്യം പറഞ്ഞതേയില്ല. എന്നാല്‍ ആരും കാണാതെ വീടിന്റെ ഒരു മൂലയില്‍ പോയിരുന്ന് ആ രാത്രി മുഴുവന്‍ താന്‍ കരഞ്ഞു.


പിന്നീട് ഇത്തരമൊരു അനുഭവമുണ്ടായത് ഒരു തയ്യല്‍ക്കാരനില്‍ നിന്നാണ് അളവ് എടുക്കാനായി പോയപ്പോള്‍ അയാള്‍ വല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചതായും അവര്‍ പറയുന്നു. പിന്നീടും തനിക്ക് അയാളുടെ അടുക്കല്‍ പോകേണ്ടി വന്നു. തനിക്ക് പോകാനാകില്ലെന്ന് പറഞ്ഞാല്‍ എന്താണ് കാരണമെന്ന് അമ്മ ചോദിക്കും. അപ്പോള്‍ കാര്യങ്ങള്‍ എല്ലാം പറയേണ്ടി വന്നേനെ എന്നും അവര്‍ പുസ്തകത്തില്‍ പറയുന്നു.

പതിനാറാം വയസില്‍ കൂട്ടുകാരിയുടെ സഹോദരനില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി. അയാള്‍ തന്നോട് അമിതമായി സ്വാതന്ത്ര്യം എടുക്കുന്നുണ്ടായിരുന്നു. അത് വളരെ വിനയപൂര്‍വ്വം താന്‍ നിരസിച്ചു. അയാള്‍ക്കും അയാളുടെ കുടുംബത്തിനും യാതൊരു വേദനയും ഉണ്ടാക്കാത്ത വിധത്തില്‍ അത് കൈകാര്യം ചെയ്യാനായെന്നും താരം കുറച്ചിരിക്കുന്നു.