ചെന്നൈ: കൊതുകുനാശിനി കഴിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. ചെന്നൈയ്ക്കടുത്ത് പല്ലവാരത്താണ് സംഭവം. പമ്മലിലെ ഫാത്തിമനഗറില്‍ താമസിക്കുന്ന കിഷോര്‍ എന്ന കുഞ്ഞാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ദ്രവ രൂപത്തിലുള്ള കൊതുകുനാശിനിയുടെ കുപ്പി ഉപയോഗിച്ച് കുട്ടി കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയുടെ അടുത്തുണ്ടായിരുന്നില്ല. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് പൊള്ളുന്നത് പോലെ അനുഭവപ്പെട്ടു. നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി കരയാന്‍ തുടങ്ങിയതോടെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് അവര്‍ ക്രോംപെറ്റ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് കുഞ്ഞിനെ എഗ്മോറിലെ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ രാത്രിയോടെ ഇവിടെ വച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

ആദ്യം കുഞ്ഞിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കെതിരെ പിതാവ് തമിഴരശന്‍ കേസ് കൊടുത്തിട്ടുണ്ട്. ഇവിടെ ശരിയായ ചികിത്സ ലഭ്യമാകാഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയായതെന്നാണ് അദ്ദേഹത്തിന്റെ വാദം. പരാതിയി്ല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഏതായാലും ഇതേ തുടര്‍ന്ന് ക്ലിനിക്ക് അടച്ച് ഇവിടുത്തെ ഡോക്ടര്‍ ശ്രീനിവാസന്‍(45) ഒളിവില്‍ പോയിരിക്കുകയാണ്.