പാറ്റ്‌ന: ഒരു ഘോഷയാത്രയ്ക്കിടെ ഉണ്ടായ വെടിവയ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ബാലന്‍ മരിച്ചു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.

ഗ്രാമത്തലവന്റെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇത്തരം ആഘോഷങ്ങള്‍ക്ക് നിരോധനമുണ്ട്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലുള്ള ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

വീടിന് വെളിയില്‍ നിന്ന കുട്ടിക്കാണ് വെടിയേറ്റത്. പതിമൂന്നു വയസുള്ള ബാലനാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സ്ഥ്രലത്തെ പൊലീസ് സ്റ്റേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്ത് കൊണ്ടാണ് ഇത്തരം ഒരു ആഘോഷം ഈ സ്റ്റേഷന്‍ പരിധിയില്‍ നടന്നതെന്ന് കാരണം ബോധിപ്പിക്കാനാണ് നിര്‍ദ്ദേശം.

ഈ മാസം രണ്ടിന് സഹാറ ജില്ലയിലും ഇത്തരത്തില്‍ ഗ്രാമത്തലവനെ തെരഞ്ഞെടുത്തപ്പോള്‍ വിജയഘോഷയാത്ര നടന്നിരുന്നു. ഇത്തരം ആഘോഷങ്ങളും ഇതിനിടെയുള്ള വെടിവയ്പുകള്‍ക്കുള്ള നിരോധനവും കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി എസ് കെ സിംഗാള്‍ നിര്‍ദ്ദേശിച്ചു.