ശ്രീനഗർ: തീവ്രവാദ പ്രചാരണത്തിനായി ദീർഘനാളായി പിന്തുടരുന്ന മാർഗങ്ങൾക്ക് പുറമേ ഹൈടെക്കായും വഴികൾ കണ്ടെത്തി പാക് പിന്തുണയുള‌ള തീവ്രവാദ സംഘടന ജെ‌യ്‌ഷെ മുഹമ്മദ്. ഡ്രോണുകൾ വഴി ആയുധകടത്തും മറ്റും നടത്തുന്നതിന് പിന്നാലെ ഇപ്പോൾ ആപ്പുകളിലൂടെയും യുവാക്കളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ട്.

‘അച്ഛീ ബാത്തേൻ’ (നല്ല കാര്യങ്ങൾ) എന്ന പേരിലെ ആപ്പാണ് ഗൂഗിൾ പ്ളേ സ്‌റ്റോറിൽ ലോകമാകമാനമുള‌ള ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനങ്ങളാണ് ഈ ആപ്പിലുള‌ളത്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആപ്പിൽ ഒരിടത്തും നേരിട്ട് പറയുന്നില്ല. എന്നാൽ ഈ പ്രബോധനങ്ങൾ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആപ്പിന് പുറത്ത് വെബ് പേജുകളിലേക്കുള‌ള ലിങ്കും നൽകിയിട്ടുണ്ട്. അതിൽ പുസ്‌തകങ്ങൾ, എഴുത്തുകൾ, ഓഡിയോ സന്ദേശങ്ങൾ എന്നിവയുണ്ട്, എല്ലാം മസൂദ് അസറുമായോ അയാളുടെ കൂട്ടാളികളുമായോ ബന്ധമുള‌ളത്. ഇന്ത്യയിലേക്ക് നിരന്തരം ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടത്തുന്ന സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ 2001 മുതൽ യു.എൻ സുരക്ഷാ കൗൺസിൽ തീവ്രവാദ സംഘടനയായി കണക്കാക്കുന്നു. വിദേശ തീവ്രവാദ സംഘടനയായി അമേരിക്കയും കണക്കാക്കുന്നു.

2020 ഡിസംബർ നാലിന് ആരംഭിച്ച ആപ്പ് ഇതുവരെ 5000ലധികം പേർ ഡൗൺലോഡ് ചെയ്‌തു. പാകിസ്ഥാനിൽ നിന്നുള‌ള മത പ്രഭാഷകരുടെ പ്രസംഗങ്ങളും ആപ്പിലുണ്ട്. ഈ ആപ്പുമായി ബന്ധപ്പെട്ട ബ്ലോഗിൽ മസൂദ് അസറിന്റെ പഴയകാല ലേഖനങ്ങളുണ്ട്. സാദി എന്ന തൂലികാനാമത്തിലാണ് ഇവയെല്ലാം. പേജിൽ കണ്ട് ലിങ്കുകളുണ്ട്. അതിലൊന്ന് 2001നും 2019നുമിടയിൽ മസൂദ് അസർ നടത്തിയ തീവ്രവാദ പ്രസംഗങ്ങളാണ്. മറ്റൊരു ലിങ്കിൽ മസൂദ് അസറിന്റെ അനുജൻ ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ മേധാവി അബ്‌ദുൾ റൗഫ് അസ്‌ഗർ, ഇയാളുടെ അടുത്ത അനുയായി തൽഹാ സയ്‌ഫ് എന്നിവരുടെ പ്രസംഗങ്ങളാണ്.

ആപ്പിന്റെ സെർവർ ജർമ്മനിയിലാണ്. ഉപഭോക്താവിന്റെ ഫോണിലെ വിവരങ്ങളെല്ലാം വളരെ പെട്ടെന്ന് ശേഖരിക്കാൻ ആപ്പിനാകും. ഈ ആപ്പ് നിരോധിക്കുന്നതിന് ഗൂഗിളിൽ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ സൂചിപ്പിച്ചു.