ന്യൂഡല്‍ഹി: സാംസ്‌കാരിക മന്ത്രാലയം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചിരിക്കുന്ന ലേലത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ -പാരാലിമ്പിക്‌സ്‌ ജേതാക്കളുടെ കായിക ഉപകരണങ്ങള്‍ക്കും പ്രധാനമന്ത്രിക്ക്‌ ലഭിച്ച സമ്മാനങ്ങള്‍ക്കും വന്‍ ഡിമാന്റ്‌. കൃഷ്‌ണനഗറിന്റെയും എസ്‌ എല്‍ യതിരാജിന്റെയും ബാഡ്‌മിന്റണ്‍ റാക്കറ്റുകള്‍ക്കും നീരജ്‌ ചോപ്രയുടെ ജാവ്‌ലിനും ലോവ്‌ലിന ബൊര്‍ഗോഹെയിന്റെ ഗ്ലൗസിനും പ്രധാനമന്ത്രിക്ക്‌ ലഭിച്ച സമ്മാനങ്ങള്‍ക്കുമാണ്‌ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ഇതുവരെ ലഭിച്ചിരിക്കുന്നത്‌. സാംസ്‌കാരിക മന്ത്രാലയം ഇ ലേലമാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.

ലോവ്‌ലിനയുടെ ബോക്‌സിംഗ്‌ ഗ്ലൗസിനാണ്‌ ഇതുവരെ ഏറ്റവും ഉയര്‍ന്ന ലേലത്തുക ലഭിച്ചത്‌. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്‌ ലോവ്‌ലിന. 80 ലക്ഷം രൂപയില്‍ നിന്നാരംഭിച്ച ലേലം 1.92 കോടിയില്‍ എത്തി.

2020 ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ ഏക സ്വര്‍ണം നേടിത്തന്ന ചോപ്രയുടെ ജാവ്‌ലിന്‌ 1.55 കോടി രൂപയാണ്‌ ലേലത്തുകയായി ഇതുവരെ ലഭിച്ചത്‌. ഇതിന്റെ ലേലം ആരംഭിച്ചത്‌ ഒരു കോടിയില്‍ നിന്നാണ്‌.

പാരാലിമ്പിക്‌സ്‌ താരങ്ങളായ കൃഷ്‌ണനഗറിന്റെയും എസ്‌ എല്‍ യതിരാജിന്റെയും ബാഡ്‌മിന്റണ്‍ റാക്കറ്റുകള്‍ക്കും ഒളിമ്പിക്‌സിലെ സി എ ഭവാനി ദേവിയുടെ വാള്‍പ്പയറ്റ്‌ ഉപകരണങ്ങള്‍ക്കും പത്ത്‌ കോടി രൂപ വീതം ലേലത്തുകയായി ലഭിച്ചു. എന്നാല്‍ ലേല പുനരവലോകനത്തില്‍ ഇത്‌ വ്യാജലേലമായിരുന്നുവെന്ന്‌ വ്യക്തമായി. ഏറ്റവും ഒടുവില്‍ നഗറിന്റെയും യതിരാജിന്റെയും റാക്കറ്റുകള്‍ക്ക്‌ യഥാക്രമം എണ്‍പത്‌ ലക്ഷവും അന്‍പത്‌ ലക്ഷവും ലേലത്തുകയായി ലഭിച്ചു. ഇവയുടെ അടിസ്ഥാന വിലയുമായി ഇതിന്‌ വലിയ വ്യത്യാസമില്ല. അതേസമയം ഭവാനി ദേവിയുടെ വാള്‍പ്പയറ്റ്‌ ഉപകരണങ്ങളുടെ അടിസ്ഥാന വിലയായ അറുപത്‌ ലക്ഷത്തില്‍ തന്നെ നില്‍ക്കുകയാണ്‌.
ഇന്ത്യയില്‍ നിന്ന്‌ ആദ്യമായാണ്‌ ഒളിമ്പിക്‌സിലേക്ക്‌ വാള്‍പയറ്റില്‍ ഒരാള്‍ യോഗ്യത നേടിയത്‌.

ടോക്യോ പാരാലിമ്പിക്‌സിലെ സുവര്‍ണ ജേതാവ്‌ സുമിത്‌ ആന്റിലിന്റെ ഓട്ടോഗ്രാഫോട്‌ കൂടിയ ജാവ്‌ലിന്‌ 1,00,08,000 രൂപ ലഭിച്ചു. ഇതിന്റെ അടിസ്ഥാന ലേലത്തുക ഒരു കോടി ആയിരുന്നു.

ടോക്യോ പാരാലിമ്പിക്‌സ്‌ ഗെയിംസില്‍ മിക്‌സ്‌ഡ്‌ 50എം പിസ്‌തല്‍ എസ്‌എച്ച്‌1 ഫൈനലില്‍ സ്വര്‍ണം നേടിയ മനീഷ്‌ നര്‍വാള്‍ അണിഞ്ഞിരുന്ന ഷാര്‍പ്പ്‌ ഷൂട്ടിംഗ്‌ ഗ്ലാസിന്‌ 95.94 ലക്ഷം രൂപ ലേലത്തുക ഉച്ചയ്‌ക്ക്‌ ശേഷം ലഭിച്ചെങ്കിലും വൈകുന്നേരത്തോടെ അത്‌ ഇരുപത്‌ ലക്ഷമായി കുറഞ്ഞു. ഈ ഗ്ലാസ്‌ അദ്ദേഹം പ്രധാനമന്ത്രിക്ക്‌ സമ്മാനിച്ചിരുന്നു.

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ്‌ പി വി സിന്ധുവിന്റെ ബാഡ്‌മിന്റണ്‍ റാക്കറ്റിനും ബാഗിനും കൂടി 90.02 ലക്ഷം രൂപ ഇതുവരെ ലേലത്തുകയായി ലഭിച്ചു. 80 ലക്ഷമായിരുന്നു ഇതിന്റെ അടിസ്ഥാന ലേല വില. 1,330 സാധനങ്ങളാണ്‌ ഇലേലത്തിലുള്ളത്‌ പ്രധാനമന്ത്രി മോഡിയുടെ പിറന്നാള്‍ ദിനമായ വെള്ളിയാഴ്‌ചയാണ്‌ ലേലം ആരംഭിച്ചത്‌.

നീരജ്‌ ചോപ്രയുടെ ജാവ്‌ലിനാണ്‌ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന ലേലത്തുക ഉണ്ടായിരുന്നത്‌. ഒരു കോടി രൂപയായിരുന്നു ഇതിന്റെ അടിസ്ഥാന ലേലവില. ഏറ്റവും കുറഞ്ഞ വില ഒരു അലങ്കാര വസ്‌തുവായ ചെറിയ ആനയ്‌ക്ക്‌ ആയിരുന്നു. ഇരുനൂറ്‌ രൂപ ആയിരുന്നു അതിന്റെ വില.

ലേലത്തിലൂടെ ലഭിക്കുന്ന പണം ഗംഗാ നദിയുടെ പുനരുദ്ധാരണ പദ്ധതിയായ നമാമി ഗംഗാ ദൗത്യത്തിലേക്ക്‌ പോകും. ഒളിമ്പിക്‌സ്‌, പാരാലിമ്പിക്‌സ്‌ ജേതാക്കളുടെ കായികോപകരണങ്ങള്‍ക്ക്‌ പുറമെ തടിയില്‍ തീര്‍ത്ത രാമക്ഷേത്രം, ചാര്‍ധാം, സ്‌തൂപങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയും ലേലത്തിന്‌ എത്തിയിട്ടുണ്ട്‌.

ഗ്ലാസ്‌ പെട്ടിക്കുള്ളില്‍ സ്ഥാപിച്ച തടിയില്‍ തീര്‍ത്ത രാമക്ഷേത്രത്തിന്‌ മൂന്ന്‌ ലക്ഷം രൂപ ലേലത്തുക ലഭിച്ചിരുന്നു. വാരണസിയിലെ രുദ്രാക്ഷ കണ്‍വന്‍ഷന്‍ സെന്ററിന്റെ കൃഷ്‌ണമണിയുടെ രൂപങ്ങള്‍ ഉപയോഗിച്ച്‌ തീര്‍ത്ത മൊമെന്റോയ്‌ക്ക്‌ നാല്‍പ്പത്‌ ലക്ഷം രൂപ വരെ ലേലത്തുക ലഭിച്ചിട്ടുണ്ട്‌. അടുത്തമാസം ഏഴ്‌ വരെ നീളുന്ന ലേലത്തില്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പങ്കെടുക്കാം. ലേലം അവസാനിക്കുമ്പോള്‍ മന്ത്രാലയം ഇമെയില്‍ വഴി ഏറ്റവും വലിയ തുക വിളിച്ചവരെ അറിയിക്കും.