10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ പിടിയിൽ; വീട്ടിൽ 47 ലക്ഷം രൂപ കണ്ടെത്തി

55885
Advertisement

ഭുവനേശ്വർ: വ്യവസായിയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. ഒഡിഷ കേഡറിലെ 2021 ബാച്ച് ഉദ്യോഗസ്ഥനായ ദിമാൻ ചക്മയാണ് (36) കൈയോടെ പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപ കൂടി വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഒഡിഷയിലെ കലഹന്ദി ജില്ലയിലെ ധരംഗറിൽ സബ് കളക്ടറായി ജോലി ചെയ്യുന്ന ദിമാൻ ശർമ സർക്കാർ ക്വാർട്ടേഴ്സിൽ വച്ച് പത്ത് ലക്ഷം രൂപയുടെ കൈക്കൂലി പണം വാങ്ങുന്നതിനിടെ കൈയോടെ പിടിയിലാവുകയായിരുന്നു എന്ന് സംസ്ഥാന വിജിലൻസ് ജയറക്ടർ യെശ്വന്ത് ജെത്വ മാധ്യമങ്ങളോട് പറഞ്ഞു. ബിസിനസുകാരനിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.

ത്രിപുര സ്വദേശിയായ ദിമാനെതിരെ പരാതിനൽകിയിരിക്കുന്നത് ഇയാളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ ഒരു ക്വാറി ഉടമയാണ്. ഇയാളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിൽ പരാതി നൽകി. 20 ലക്ഷം രൂപയായിരുന്നു ചോദിച്ചത്. പിന്നീട് ഒദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ച് 10 ലക്ഷം രൂപ സ്വീകരിക്കവെ കൈയോടെ പിടിയിലാവുകയായിരുന്നു.

തുടർന്നാണ് ഇയാളുടെ ഔദ്യോഗിക വസതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ നിന്ന് വിവിധ തുകകളുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തു. ആകെ 47 ലക്ഷം രൂപയാണ് വീട്ടിലെ ഡ്രോയറുകളിൽ സൂക്ഷിച്ചിരുന്നത്. വീട്ടിലെ പരിശോധനയും അന്വേഷണവും തുടരുകയാണെന്ന് വിജിലൻസ് അറിയിച്ചു.

Advertisement