ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം, അമ്പതിലേറെപ്പേര്‍ മരിച്ചു, മുന്നൂറിലേറെ പേര്‍ക്ക് പരുക്ക്

ഭുവനേശ്വര്‍. ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. അമ്പതിലേറെപ്പേര്‍ മരിച്ചു, മുന്നൂറിലേറെപേരെ ആശുപത്രിയിലെത്തിച്ചു. മറിഞ്ഞ ബോഗികളിലേക്ക് മറ്റൊരു ട്രയിന്‍ ഇടിച്ചു കയറിയതോടെ ദുരന്തം അതിഭീകരമായി മാറിയിരിക്കയാണ്.

മൂന്നു ട്രയിനുകളാണ് അപകടത്തില്‍ പെട്ടത്.ചെന്നൈ- കൊല്‍ക്കത്ത കോറമണ്ഡല്‍ എക്സ്പ്രസാണ് ആദ്യം അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനില്‍ നിന്നും ചെന്നൈയിലേക്കുള്ള കോറമണ്ഡല്‍ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. അതിന്‍റെ ബോഗികിലേക്ക് അടുത്ത ട്രാക്കിലൂടെ വന്ന ഹൗറ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു.

ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹാനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്, മറിഞ്ഞ ട്രെയിനിന്റെ കോച്ചുകള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റ യാത്രക്കാരെ ബാലസോര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അപകടസ്ഥലത്തേക്ക് ടീമുകളെ അയച്ചിട്ടുണ്ടെന്ന് സ്പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ (എസ്ആര്‍സി) ഓഫീസ് അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഗ്നിശമന സേനയ്‌ക്കൊപ്പം എസ് ആര്‍ സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി നിയോഗിച്ചു.

സ്ഥലത്ത് വെളിച്ചക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനറേറ്ററുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 15 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ സോറോയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുന്നുണ്ടെന്നും ഒഡീഷയിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അഡീഷണല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ബാലസോറിലെ ജില്ലാ മജിസ്‌ട്രേറ്റിനോട് അപകടസ്ഥലത്ത് എത്താനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂട്ടിയിടിച്ചതിന് ശേഷം കോറോമാണ്ഡല്‍ എക്‌സ്പ്രസിന്റെ എഞ്ചിന്‍ ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കയറിയതായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേ ഉള്ളൂ.

ഹെല്‍പ് ലൈന്‍. 06782-262286. The railway helplines are 033-26382217 (Howrah), 8972073925 (Kharagpur), 8249591559 (Balasore) and 044- 25330952 (Chennai).

Advertisement