സ്ത്രീയുടെ മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമം പീഡനമായി കാണാനാവില്ല; ഹൈക്കോടതി

ബെംഗളുരു: സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിൽ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ 21 കാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ ജീവപരന്ത്യം ശിക്ഷ കർണാടക ഹൈക്കോടതി ശരിവച്ചു.

2015ൽ കർണാടകയിലെ തുംകുരുവിൽ 21 കാരിയെ കൊല ചെയ്ത് പീഡിപ്പിച്ചുവെന്ന കേസിലെ വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗിക അതിക്രമം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 377ാം വകുപ്പിന് കീഴിൽ വരില്ലെന്നാണ് ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായിക്കും അടങ്ങിയ കർണാടക ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങൾ (നെക്രോഫീലിയ) കുറ്റകരമാക്കാൻ 377ാം വകുപ്പിൽ ഭേദഗതി വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375, 377 വകുപ്പുകൾ ശ്രദ്ധാപൂർവ്വം പഠിച്ചാൽ ഇതിൽ മൃതദേഹത്തോടുള്ള ലൈംഗികാതിക്രമം ഈ വകുപ്പിന് കീഴിൽ വരില്ലെന്ന് വ്യക്തമാകും. അതിനാൽ തന്നെ യുവാവിൻറെ കേസിൽ ബലാത്സംഗം എന്ന വകുപ്പ് നിലനിൽക്കിലെന്നാണ് കോടതി നിരീക്ഷിച്ചത്. മൃതദേഹത്തോടുള്ള ആദരവ് നിലനിർത്തുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും കോടതി വിശദമാക്കി. മനുഷ്യൻറെ ജീവിതത്തേക്കുറിച്ചുള്ള അവകാശത്തിൽ ഉൾപ്പെടുന്നതാണ് മൃതദേഹത്തോടുള്ള ആദരവെന്നും കോടതി വിലയിരുത്തി.

ഈ ഉത്തരവിൻറെ സാക്ഷ്യപ്പെടുത്തിയ കോപ്പി ലഭിക്കുന്നതിന് പിന്നാലെ ആറുമാസത്തിനുള്ളിൽ ഭരണഘടനയിലെ 21ാം വകുപ്പ് അനുസരിച്ച് മൃതദേഹത്തിന് ആദരവ് ലഭിക്കേണ്ടത് സംബന്ധിയായ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രകൃതി വിരുദ്ധ പീഡനമെന്ന വകുപ്പും യുവാവിനെതിരായ കേസിൽ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നെക്രോഫീലിയയെ ഐപിസി 376ാ വകുപ്പിന് കീഴിൽ ശിക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കൊലപാതകത്തിനും പീഡനത്തിനുമായിരുന്നു യുവാവിന് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം ചെയ്ത ശേഷം നടത്തിയ അതിക്രമം എന്ന് പ്രോസിക്യൂഷൻ വിശദമാക്കിയതിന് പിന്നാലെയായിരുന്നു കോടതി തീരുമാനം.

Advertisement