സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി കോണ്‍ഗ്രസ്

Advertisement

ബംഗളുരു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി കോണ്‍ഗ്രസ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ വിവിധ പ്രാദേശിക പാര്‍ട്ടി നേതാക്കളെ ഒരേ വേദിയില്‍ അണിനിരത്താന്‍ കോണ്‍ഗ്രസിനായി. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷത്തിന്റെ നായക സ്ഥാനം തങ്ങള്‍ക്കു തന്നെയെന്ന് കോണ്‍ഗ്രസ് പറയാതെ പറഞ്ഞ വേദിയായി ഇത്. ബന്ധവൈരികളെപ്പോലും തങ്ങളുടെ നിഴലിലേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസിനാവുകയും ചെയ്തു.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കപ്പുറമുള്ള ക്യാന്‍വാസായിരുന്നു ബെംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് ഒരുക്കിയത്.
എംകെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, തേജസ്വി യാദവ്, സിതാറാം യെച്ചൂരി, കമല്‍ഹാസന്‍, ഫാറൂഖ് അബ്ദുള്ള, മെഹബുബ മുഫ്തി, എന്‍കെ പ്രേമചന്ദ്രന്‍, മുസ്ലിംലീഗ് നേതാവ് അബ്ദുല്‍സമദ് സമദാനി എന്നിങ്ങനെ പ്രതിപക്ഷ നിരയിലെ സര്‍വ്വശക്തരെ ഒരേ വേദിയില്‍ അണിനിരത്താന്‍ കോണ്‍ഗ്രസിനായി. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃസ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധമുള്ള മറുപടി.

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമെന്ന ചിന്തയ്ക്ക് കര്‍ണ്ണാടക വിജയം പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. ബിജെപിയെ നേരിടാന്‍ ഇന്നും കോണ്‍ഗ്രസിന് കെല്‍പ്പുണ്ടെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ പാര്‍ട്ടിക്കായി. പ്രതിപക്ഷ നിരയില്‍ പോലും നഷ്ടമായിക്കൊണ്ടിരുന്ന അംഗീകാരം കോണ്‍ഗ്രസിന് പതിയെ തിരിച്ചു കിട്ടുന്ന കാഴ്ച ബെംഗളുരുവില്‍ കണ്ടു. ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ചുള്ള പോരാട്ടത്തിന് കോണ്‍ഗ്രസിന് ഒരവസരം കൂടി നല്‍കുകയാണ് കര്‍ണ്ണാടകം.

Advertisement