അതിസുരക്ഷയിൽ മൂന്നാമത് ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗം; ഒരുങ്ങി ശ്രീനഗർ

ശ്രീനഗർ: മൂന്നാമത് ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗർ. രജൗറി, പുഞ്ച് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് കശ്‌മീർ. നാവികസേനയുടെ നേതൃത്വത്തിൽ ദാൽ തടാകത്തിൽ കർശന സുരക്ഷാ പരിശോധനകളാണ് നടത്തുന്നത്. ദാൽ തടാകത്തിൽ മറൈൻ കമാൻഡോകളെയും വിന്യസിച്ചു.

മേയ് 22 മുതൽ 24 വരെ ഷെർ ഇ കശ്‌മീർ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് യോഗം. ദേശീയ സുരക്ഷാ സേനയുടെ (എൻഎസ്ജി) മേൽനോട്ടത്തിലാണ് സുരക്ഷാ വിലയിരുത്തലുകൾ. ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ജമ്മു കശ്‌മീർ പൊലീസ് എന്നിവയുമായി സഹകരിച്ചാണ് സുരക്ഷയൊരുക്കുന്നത്. എൻഎസ്ജി കമാൻഡോകളുടെ നേതൃത്വത്തിൽ അർധ സൈനിക വിഭാഗവും പൊലീസും എല്ലാസ്ഥലങ്ങളിലും സംയുക്ത പരിശോധനകൾ നടത്തി. ഇതിന്റെ ഭാഗമായി ലാൽ ചൗക്കിൽ എൻഎസ്ജി പരിശോധിച്ചു.

മൂന്നു തലങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന് കശ്‌മീർ എഡിജിപി വിജയകുമാർ പറഞ്ഞു. ഡ്രോൺ തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തി. ശ്രീനഗറിലെ പ്രധാന സ്‍കൂളുകൾക്ക് മേയ് 25 വരെ അവധി നൽകി. രാജ്യാന്തര ഫോൺ നമ്പരുകളിൽനിന്ന് തെറ്റായ വിവരങ്ങൾ വരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

Advertisement