കർണാടക നാടകം തുടരുന്നു, മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കും

Advertisement

ബംഗളുരു . കർണാടക മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. ഇടഞ്ഞു നില്‍ക്കുന്ന ഡി.കെ.ശിവകുമാര്‍ ആരോഗ്യസ്ഥിതി അനുകൂലമെങ്കില്‍ ഇന്ന് ഡല്‍ഹിയിലെത്തും. അനുനയ നീക്കങ്ങളുടെ ഭാഗമായി സോണിയാഗാന്ധി ശിവകുമാറുമായി ചര്‍ച്ച നടത്തിയേക്കും. അതേസമയം മുഖ്യമന്ത്രി തര്‍ക്കം പരിഹരിച്ചാലും പ്രശ്നങ്ങളുടെ നീണ്ട നിര കോണ്‍ഗ്രസിനെ കാത്തുണ്ട്.

പാര്‍ട്ടിക്കായി ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്തു കഴിഞ്ഞെന്നും ഇനിയില്ലെന്നുമുള്ള നിലപാടിലാണ് ഡി.കെ. കർണാടകയിൽ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ച ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടിയേ തീരൂ എന്ന വാശിയിലാണ്. ഇന്നലെ ഈ വിഷയത്തിൽ നടന്ന സമവായ ചര്‍ച്ചകളോട് ഡി.കെ മുഖം തിരിച്ചതോടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പാര്‍ട്ടി ഫോര്‍മുല അംഗീകരിക്കുന്നതിന് ശിവകുമാര്‍ ഉപാധികള്‍ വച്ചതായാണ് അറിവ്. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും പിന്നീട് താനും മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് നിലപാട്. അങ്ങനെയെങ്കില്‍ പാര്‍ട്ടിക്ക് പിന്നീട് വാക്കു മാറ്റാനാകില്ല. ആരോഗ്യസ്ഥിതി അനുകൂലമെങ്കില്‍ ഡി.കെ ഇന്ന് ഡല്‍ഹിയിലെത്തുമെന്നും സോണിയാഗാന്ധി ശിവകുമാറുമായി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്.

അതേസമയം ഈ രണ്ട് പേരുടെ കാര്യത്തിൽ സമവായം എത്തിയാൽ മാത്രം പ്രശ്നങ്ങൾ തീരില്ല. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിർന്ന നേതാവ് എംബി പാട്ടീൽ ഉൾപ്പെടെയുള്ളവര്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇതോടെ കോൺഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തിലടക്കം മറ്റ് നേതാക്കളുടെ സമ്മർദ്ദത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.

Advertisement