കർണാടക, മുഖ്യമന്ത്രി 2+3വര്‍ഷം, സമവായത്തിലെത്താതെ കോൺഗ്രസ്

Advertisement

ബംഗളുരു.മുഖ്യമന്ത്രി സ്ഥാനത്തിൽ സമവായത്തിലെത്താതെ കർണാടക കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനം
വീതം വയ്ക്കുന്നത് ഉറപ്പു വേണം എന്ന് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ അഭിപ്രായം അറിയാൻ എഐസിസി നിരീക്ഷകർ കൂടിക്കാഴ്ച നടത്തും. നാളെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ യോഗം ചേര്‍ന്ന ഹോട്ടലിന് പുറത്ത് വൈകിട്ടോടെ ചേരി തിരിഞ്ഞ് അണികൾ നിലയുറപ്പിച്ചു. യോഗം പുരോഗമിക്കെ മുദ്രാവാക്യം വിളികളും പരസ്പരം പോര്‍വിളികളുമായി രംഗം മുറുകി.

ആദ്യ രണ്ടു വർഷം സിദ്ധരാമയ്യയും തുടർന്നുള്ള മൂന്നുവർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രി എന്നതായിരുന്നു യോഗത്തിലെ സമവായ ഫോർമുല. ഇതിനോട് സിദ്ധരാമയ്യ യോജിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പു വേണമെന്ന് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. തുടര്‍ന്ന് നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമെടുക്കാൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. എംഎൽഎമാരുടെ അഭിപ്രായം അറിയാൻ എഐസിസി നിരീക്ഷകർ ഓരോരുത്തരുമായി കൂടിക്കാഴ്ച നടത്തും. ശേഷം നാളെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

ഇതിനിടെ സമുദായ സംഘടനകൾ ഡി.കെ.ശിവകുമാറിനായി സമ്മർദ്ദം ശക്തമാക്കുകയാണ്. വോക്കലിഗ – ലിംഗായത്ത് വിഭാഗങ്ങളുടെ പിന്തുണ ഡികെയ്ക്ക് ഒപ്പമുണ്ട്. അതേസമയം പ്രതിസന്ധിക്കിടയിലും സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് വിവരം. അതിന് മുന്നോടിയായി മന്ത്രിമാരുടെ കാര്യത്തിലും തീരുമാനത്തിലെത്തും.

Advertisement