മനസ്സ് വച്ചാൽ ഇപ്പോഴും മാരക പ്രഹരശേഷിയുള്ള പാർട്ടിതന്നെ, കോണ്‍ഗ്രസിനെ എഴുതിത്തള്ളാറായിട്ടില്ലെന്ന് കാട്ടിക്കൊടുത്തു

Advertisement

ബംഗളുരു. എഴുതിത്തള്ളാറായിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തി ശക്തമായ തിരിച്ചുവരവ്, ദേശീയ തലത്തിൽ കോൺഗ്രസ്സിന് ഊർജം നൽകുന്നതാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം.2024 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടു പലകയായി കണക്കാക്കിയ കർണാടക വിജയം അണികൾക്ക് പകരുന്ന ഉണർവ് നിസാരമല്ല. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെയും,എ ഐ സി സി അധ്യക്ഷൻ എന്ന നിലയിൽ മല്ലികാർജുൻ ഖർഗെയുടെയും കൂടി വിജയമായാണ് കോണ്ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അതേസമയം കർണാടകയിലെ ജനങ്ങളുടെ വിജയം എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. വെറുപ്പിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കടതുറന്നുവെന്ന് രാഹുല്‍ പറഞ്ഞു.

ഒന്നു മനസ്സ് വച്ചാൽ ഇപ്പോഴും മാരക പ്രഹരശേഷിയുള്ള പാർട്ടിതന്നെയെന്ന് കോണ്ഗ്രസ് തെളിയുക്കുകയാണ് കർണാടകയിലൂടെ.കോൺഗ്രസിന്റെ മേൽത്തട്ടും കീഴ്ത്തട്ടും ഒരേ മനസ്സോടെ ഒന്നിച്ചു നിന്ന് പൊരുതിയപ്പോൾ കർണാടക കൈപിടിയിൽ ഒതുങ്ങി. ഭരണവിരുദ്ധ വികാരമുണ്ടായാല്‍ എത്ര പ്രഭാവമുണ്ടായാലും പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഏതുപാര്‍ട്ടിയും തിരിച്ചറിയേണ്ട പാഠവും ഈ വിജയത്തിലുണ്ട്.

നിലപാടുകൾകൊണ്ടും ഇടപെടലുകൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും ബിജെപിയെ പൊരുതി തോൽപ്പിക്കാൻ ശേഷി തെളിയിച്ചതിലൂടെ , പ്രതിപക്ഷ നിരയുടെ നേതൃത്വത്തിനും തങ്ങളോളം മാറ്റാർക്കുമില്ല അർഹത എന്ന് കോണ്ഗ്രസ് കാട്ടിക്കൊടുക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എങ്ങനെയാണ് നടപ്പാവുന്നത് എന്ന് കൃത്യമായി കാണിച്ചുകൊടുക്കാനുമായി.

കേവലം ഒരു സംസ്ഥാന ഭരണം മാത്രമല്ല കർണാടക വിജയത്തിലൂടെ കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കുന്നത്.മോദി പ്രഭാവം പടർത്താൻ ശ്രമിച്ച ബിജെപിക്ക് ദക്ഷിണേന്ത്യയിൽ മേൽവിലാസം പോലും ഇല്ലാതാക്കി.

രാഹുൽ ഗാന്ധിയുടെ ഭരത് ജോഡോ യാത്ര യെ അവഗണന കൊണ്ട് ബിജെപി നേരിട്ടപ്പോൾ രാഹുൽ നടന്നു പോയ 20മണ്ഡലങ്ങളും കോണ്ഗ്രസ് സ്വന്തമാക്കി.ഇത് കർണാടകയിലെ ജനങ്ങളുടെ വിജയം എന്നാണ് രാഹുലിന്റെ പ്രതികരണം.

സ്വന്തം സംസ്ഥാനത്തെ മിന്നുന്ന വിജയം എഐസിസി അധ്യക്ഷൻ എന്ന നിലയിൽ മല്ലികാർജ്ജുൻ ഖർഗയെയും കരുത്തനാക്കും.കർണാടകയിലെ നേട്ടം, മധ്യപ്രദേശ്,രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പിന്തുണയാകുമെന്ന് മുൻപേ കോൺഗ്രസ് തെളിച്ചിട്ടുണ്ട്.

2024 ലോകസഭ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ലക്ഷ്യം വച്ചു മുന്നോട്ടു നീങ്ങുമ്പോൾ ഓരോ അടിയിലും ഊർജ്ജമാകാൻ കർണാടകയിലൂടെ കോൺഗ്രസ്സിന് കഴിയും. കര്‍ണാടകയുടെ മിന്നും ജയം കേരളത്തിലും കോണ്‍ഗ്രസിന് ജീവന്‍പകരുന്നതാണ്.

Advertisement