കര്‍ണ്ണാടക , ഫലപ്രഖ്യാപനത്തിന് ഒരുദിവസത്തെ കാത്തിരിപ്പ് ,അണിയറയില്‍ നീക്കങ്ങള്‍ ശക്തം

Advertisement

ബംഗളുരു.കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരുദിവസത്തെ കാത്തിരിപ്പ് മാത്രം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങളും സജീവമാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് ക്യാമ്പും, അവസരം ലഭിച്ചാല്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും കച്ചമുറുക്കിയിട്ടുണ്ട്.

പുറത്തുവന്ന സര്‍വ്വേകള്‍ പലത് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. മാജിക് സംഖ്യ മറികടക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് ക്യാമ്പ് പങ്കുവയ്ക്കുന്നുണ്ട്. ഓപ്പറേഷന്‍ ലോട്ടസ് പോലെയുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ഇതിനിടെ കോണ്‍ഗ്രസ് പുലര്‍ത്തുന്നുണ്ട്. ഡി.കെ.ശിവകുമാറിന് തന്നെയാണ് കോണ്‍ഗ്രസ് നീക്കങ്ങളുടെ ചുമതല. തനിച്ച് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടുന്നതിനെ കുറിച്ചും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ആദ്യപകുതി ഡി.കെയും ശേഷം സിദ്ധരാമയ്യയും എന്നതാണ് ഫോര്‍മുല.

അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടയിലും അധികാരം നിലനിര്‍ത്താന്‍ കുറുക്കുവഴി തേടുന്നുണ്ട് ബിജെപി. തൂക്കുസഭയാണെങ്കില്‍ ജെഡിഎസിനെ ഒപ്പം കൂട്ടി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ജെഡിഎസ് പിന്നില്‍ നിന്ന് കുത്തിയാലും അധികാരത്തില്‍ തുടരുന്ന പക്ഷം ഓപ്പറേഷന്‍ ലോട്ടസുമായി വീണ്ടും കളത്തിലിറങ്ങാമെന്നും കണക്കുകൂട്ടലുണ്ട്. ഇതിനിടെ തൂക്കുസഭയെന്ന ചില പ്രവചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിപ്പാണ് ജെഡിഎസും കുമാരസ്വാമിയും. കിംഗ്മേക്കറാകാനുള്ള പഴുത് ലഭിക്കുമോയെന്ന് കണ്ടറിയണം.

Advertisement