മഹാരാഷ്ട്രയിലെ അധികാരത്തർക്കം: വിധി ഇന്ന്; എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

Advertisement

ന്യൂ ഡെൽഹി : രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ച മഹാരാഷ്ട്ര അധികാര പോരാട്ടത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫലം ഇന്ന്. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിൻ്റെ വിധി നിർണയിക്കുന്ന സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിച്ചേക്കും.
സർക്കാർ തുടരണോ മാറണോ, 16 എംഎൽഎമാരെ അയോഗ്യരാക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി തീരുമാനം പ്രഖ്യാപിക്കുക.
മാർച്ച് 16 ന് അധികാരത്തർക്ക വാദം അവസാനിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.

ഉദ്ധവ് താക്കറെയോട് വിശ്വാസം തെളിയിക്കാൻ ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയമടക്കം ആണ് കോടതി പരിഗണിച്ചത്. വിശ്വാസം തെളിയിക്കാനുളള ഗവ‌ർണറുടെ നിർദ്ദേശം ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ തുടർ തിരുമാനം എന്താകും എന്നതാണ് ശ്രദ്ധേയമാകുക. നിയമസഭാംഗങ്ങളെ അയോഗ്യരാക്കാനുളള സ്‌പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസിലെ വിധി ഏഴംഗ ബെഞ്ചിലേക്ക് വിടണമോയെന്നതിലും സുപ്രീംകോടതി നിലപാട് വ്യക്തമാക്കും.. സ്‌പീക്കർക്കെതിരെ അയോഗ്യതാ നോട്ടീസ് നിലവിലിരിക്കെ അദ്ദേഹത്തിന് നിയമസഭാംഗങ്ങളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു നബാം റെബിയ കേസിലെ വിധി. ഉദ്ധവ് താക്കറെ – ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.

Advertisement