ബംഗളുരു.വീറും വാശിയും നിറഞ്ഞ പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ വിധിയെഴുത്ത് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 67.40% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മെയ് 13നാണ് വോട്ടെണ്ണല്‍.
തുടര്‍ഭരണത്തിനായി ബിജെപിയും അഴിമതിമുക്ത സര്‍ക്കാരിനായി കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ കന്നഡ ജനത പൗരാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് മന്ദഗതിയിലായിരുന്നു. എന്നാല്‍ പതിനൊന്നോടെ പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍ സാമാന്യം നീണ്ട നിര രൂപപ്പെട്ടു. നഗരമേഖലകളെ ആപേക്ഷിച്ച് ഗ്രാമീണ ബെല്‍റ്റില്‍ കനത്ത പോളിംഗാണ് നടന്നത്. ഭൂരിഭാഗം സ്ഥലത്തും 70%ത്തിന് മുകളിലായിരുന്നു പോളിംഗ്. 5.21കോടി വോട്ടര്‍മാരില്‍ പ്രായമായവരും കന്നി വോട്ടര്‍മാരുമാണ് കൂടുതല്‍ ആവേശത്തോടെ ഇത്തവണ പോളിംഗ് ബൂത്തുകളില്‍ എത്തിയത്. ബി.എസ്.യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, ഡി.കെ.ശിവകുമാര്‍, സിദ്ധരാമയ്യ, എച്ച്.ഡി.ദേവഗൗഡ തുടങ്ങി വിവിധ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
135 സീറ്റുമായി തുടര്‍ഭരണമുറപ്പിക്കുമെന്ന് യെദ്യൂരപ്പയും, സഖ്യം വേണ്ടിവരില്ലെന്നും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ഡി.കെ.ശിവകുമാറും വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ് നടപടികള്‍