കര്‍ണ്ണാടകത്തില്‍ പരസ്യപ്രചാരണം അവസാനിച്ചു

Advertisement

ബംഗളുരു.കര്‍ണ്ണാടകത്തില്‍ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ്ദ പ്രചാരണവും കഴിഞ്ഞ് മറ്റന്നാള്‍ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. പുറത്തു വന്ന സര്‍വ്വേകള്‍ പ്രകാരം കന്നഡ മണ്ണില്‍ തൂക്കുസഭയാണ് പ്രവചിക്കപ്പെടുന്നത്‌.

വീറും വാശിയും നിറഞ്ഞ പ്രചാരണ മാമാങ്കത്തിന് കന്നഡ മണ്ണില്‍ അന്ത്യം. നാളെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കലും അതിനുമപ്പുറമുള്ള രാഷ്ട്രീയ കളികളും. ഇന്നത്തെ പ്രചാരണം കൂടി പൂര്‍ത്തിയാക്കി താരപ്രചാരകര്‍ കളംവിട്ടു.
പ്രിയങ്ക ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗ്ഗെയും കോണ്‍ഗ്രസിനായി അവസാന ദിവസവും പ്രചാരണം നയിച്ചു. ബിജെപിക്കായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വോട്ടുതേടിയിറങ്ങി. ജാതിസമവാക്യങ്ങള്‍ വിധി നിര്‍ണ്ണയിക്കുന്ന കര്‍ണ്ണാടകത്തില്‍ മഠാധിപതികളെയും സമുദായ നേതാക്കളെയും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ രഹസ്യമായും പരസ്യമായും സന്ദര്‍ശിക്കുന്ന തിരക്കിലാണ്.

അതേസമയം നേരത്തെ പുറത്തു വന്ന സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിച്ചിരുന്നുവെങ്കില്‍ നിലവില്‍ കന്നഡ മണ്ണില്‍ തൂക്കുസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചില സര്‍വ്വേകള്‍ കോണ്‍ഗ്രസ് ഒറ്റകക്ഷിയാകുമെന്ന് വ്യക്തമാക്കുമ്പോള്‍ മറ്റു ചിലതാകട്ടെ ബിജെപിയെ പിന്തുണയ്ക്കുന്നു. അഴിമതി മുതല്‍ ഹിന്ദുത്വം വരെ പ്രചരണോപാധിയായ തെരഞ്ഞെടുപ്പില്‍ ജനം ആര്‍ക്കൊപ്പമെന്നത് മെയ് 13നറിയാം.

Advertisement