മുംബൈ സ്വദേശിക്ക് പാകിസ്ഥാൻ വധു

മുംബൈ: മുംബൈ സ്വദേശിയായ മഹേന്ദര്‍ കുമാര്‍ സാമൂഹിക മാധ്യമം വഴിയാണ് സഞ്ജുഗത കുമാരിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിതുറന്നു. ഒടുവില്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. സഞ്ജുഗത പാകിസ്ഥാന്‍ സ്വദേശിയാണെന്നത് മഹേന്ദറിന് ഒരു പ്രശ്നമായിരുന്നില്ല. ഒടുവില്‍ ഇരുവീട്ടുകാരും വാട്സാപ്പ് കോളിലൂടെ പരസ്പരം ബന്ധപ്പെടുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നെന്ന് വധുവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ മഹേന്ദർ കുമാറും കുടുംബവും പാകിസ്ഥാനിലേക്ക് പോവുകയും സുക്കൂറില്‍ വച്ച് സഞ്ജുഗതയെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സുക്കൂറിലെ പ്രാദേശിക ഹാളില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ മഹേന്ദര്‍ കുമാറിന്‍റെ ബന്ധുമിത്രാദികളും സഞ്ജുഗതയുടെ ബന്ധുമിത്രാദികളും പ്രദേശത്തെ ഹിന്ദുസമൂഹവും പങ്കെടുത്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരും ഇന്ത്യയിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രണയത്തിന് അതിരുകളില്ലെന്നും ദമ്പതികൾക്ക് സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായും വിവാഹ ചടങ്ങിൽ പങ്കെടുത്ത മുഖി ഹിന്ദു പഞ്ചാത്ത് സുക്കൂരിലെ ഐശ്വർ ലാൽ മകെജ പറഞ്ഞു.

Advertisement