ബജ്‌റങ്ദൾ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

ന്യൂഡൽഹി /ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ ബജ്‌റങ്ദൾ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാൻറെ നാട്ടിൽ ആദരവ് അർപ്പിക്കാനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ “ജയ് ബജ്‌റംഗ്ബലി” എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോദി പറഞ്ഞു.

ഈ രാജ്യത്തിൻറെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ലെന്നു മോദി പറഞ്ഞു. ‘കോൺഗ്രസ് ഇവിടെ ജയിച്ചാൽ പിഎഫ്ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. സാധാരണക്കാരുടെ വിശ്വാസം കോൺഗ്രസിന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ വാഗ്ദാനങ്ങൾ നൽകാൻ മാത്രമാണ് കോൺഗ്രസിൻറെ ശ്രമം. പട്ടിണി മാറ്റുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയെങ്കിലും ഇതു വരെ നടപ്പാക്കുന്നതിന് സാധിച്ചിട്ടില്ല. അതേസമയം പട്ടിണി മാറ്റാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് നേതാക്കൾ സമ്പന്നരായി. കർണാടകയിലെ ഡബിൾ എൻജിൻ സർക്കാരിൻറെ പ്രാഥമിക ലക്ഷ്യം സാമൂഹിക നീതിയും സാമൂഹിക പുരോഗിതിയുമാണ്. പാവപ്പെട്ടവരുടെ ഉന്നമനം, കർഷകരെ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിൽ സർക്കാർ അതീവശ്രദ്ധ പുലർത്തുന്നു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് കാലങ്ങളായി സ്വീകരിക്കുന്നത്. സർജിക്കൽ സ്ട്രൈക്കും എയർ സ്ട്രൈക്കും നടത്തിയതിന് കോൺഗ്രസ് രാജ്യത്തെ പ്രതിരോധസേനകളെ പരിഹസിച്ചു. രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി കർണാടകയെ മാറ്റുന്നതിനുള്ള പദ്ധതിയാണ് ബിജെപി പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ചിരിക്കുന്നത്.’ – മോദി പറഞ്ഞു.

ഏകീകൃത സിവിൽ കോഡ്, ഉത്പദാന മേഖലയിൽ പത്ത് ലക്ഷം തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി കർണാടക തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശക്തമായ മത്സരമാണ് സംസ്ഥാനത്ത് ഇത്തവണ ബിജെപി നേരിടുന്നത്.

അതേസമയം, ഇന്ന് രാവിലെ പ്രകടനപത്രിക പുറത്തിറക്കിയ കോൺഗ്രസ് ജാതിയുടെയും മതത്തിൻറെയും പേരിൽ സാമുദായികവിദ്വേഷം പരത്തുന്നത് തടയുന്നതിന് കർശന നടപടിയെടുക്കുമെന്നും അതിൻറെ ഭാഗമായി ബജ്‌റങ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Advertisement