കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വിഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് ദലൈലാമ

ന്യൂഡൽഹി: കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വിഡിയോക്കെതിരെ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാക്ക് ​പുറത്തേക്കിട്ടു കാണിച്ച് അതിൽ നക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു ദലൈലാമ ചെയ്തത്. ഈ വിഡിയോ വിവാദമായതിനു പിന്നാലെയാണ് കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ദലൈലാമ രംഗത്തെത്തിയത്.

കാണുന്നവരോടെല്ലാം നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് ദലൈലാമ നടത്താറുള്ളതെന്ന് അദ്ദേഹത്തിന്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

‘ദലൈലാമയോട് ഒരു കുട്ടി തന്നെ ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടുന്ന വിഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്തും കാമറകൾക്ക് മുന്നിലും താൻ കാണുന്ന ആളുകളെ നിഷ്കളങ്കമായും തമാശയായും അദ്ദേഹം കളിയാക്കാറുണ്ട്. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും തന്റെ വാക്കുകളുണ്ടാക്കിയ വേദനക്ക് ക്ഷമ ചോദിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു.’– ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ദലൈലാമ കുട്ടിയെ ഉമ്മവെക്കുന്നതിന്റെയും നാക്കിൽ നക്കാൻ ആവശ്യപ്പെടുന്നതിന്റെയും വിഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് തിബറ്റൻ ആത്മീയ നേതാവിനെതിരെ രംഗത്തുവന്നത്.

എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. തീർത്തും അനുചിതവും ആർക്കും നീതീകരിക്കാൻ സാധിക്കാത്തതുമായ ​പ്രവൃത്തിയാണ് ദലൈലാമയിൽ നിന്നുണ്ടായതെന്നും ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് വിമർശനമുയർന്നു. ഞങ്ങളെന്താണ് കാണുന്നത്. ഇത് ദലൈലാമ തന്നെയാണോ? കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യണം-എന്ന് മറ്റൊരാൾ കുറിച്ചു.

2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണമുള്ളയാളാവണമെന്ന ദലൈലാമയുടെ പരാമർശത്തിന് എതിരെയും വിമർശമുയർന്നിരുന്നു. പരാമർശം ​വിവാദമായതോടെ, ദലൈലാമ മാപ്പു പറഞ്ഞിരുന്നു. അടുത്തിടെ ദലൈലാമ എട്ടു വയസുകാരനായ മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തെരഞ്ഞെടുത്തിരുന്നു.

Advertisement