2002ലെ കലാപത്തിനിടെ കൂട്ടബലാത്സംഗം, കൊലപാതകം: 26 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു

Advertisement

അഹമ്മദാബാദ്: 2002ലെ വർഗീയ കലാപത്തിനിടെ ഗുജറാത്തിലെ കലോലിൽ പന്ത്രണ്ടിലധികം പേരെ കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത വ്യത്യസ്ത കേസുകളിൽ 26 പ്രതികളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. 20 വർഷം പഴക്കമുള്ള കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പഞ്ച്മഹൽ ജില്ലയിലെ ഹലോലിലെ അഡീഷനൽ സെഷൻസ് കോടതിയുടെ വിധി. കേസിലാകെ 39 പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടെ 13 പേർ മരിച്ചിരുന്നു.

2002 മാർച്ച് രണ്ടിന് കലോൽ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ 190 സാക്ഷികളെ വിസ്തരിച്ചു. 334 രേഖകൾ പരിശോധിച്ചു. എന്നാൽ സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ.

2002 മാർച്ച് ഒന്നിനു പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ, ഗാന്ധിനഗർ ജില്ലയിലെ കലോൽ നഗരത്തിൽ രണ്ടായിരത്തിലധികം ആളുകൾ മൂർച്ചയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി ഏറ്റുമുട്ടി. കടകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളെ ടെമ്പോയ്‌ക്കൊപ്പം ജീവനോടെ കത്തിച്ചു.

മറ്റൊരു സംഭവത്തിൽ, ദെലോൾ ഗ്രാമത്തിൽനിന്നു പലായനം ചെയ്ത് കലോലിലേക്ക് വരികയായിരുന്ന 38 പേർ ആക്രമിക്കപ്പെടുകയും അവരിൽ 11 പേരെ ജീവനോടെ കത്തിക്കുകയും ചെയ്തു. ഒരു സ്ത്രീയും മറ്റുള്ളവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടെന്നും എഫ്‌ഐആറിൽ പറയുന്നു.

Advertisement