ക്ഷേത്രക്കിണറിന്റെ മേൽക്കൂര തകർന്ന് 13 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ കിണർ മൂടിയ മേൽക്കൂര തകർന്ന് രണ്ട് സ്ത്രീകളടക്കം13 പേർ മരിച്ചു. ബലേശ്വർ മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രാമ നവമി ആഘോഷത്തോടനുബന്ധിച്ചുണ്ടായ ഭക്തജനത്തിരക്കിനിടെയാണ് കിണർ മൂടിയ മേൽക്കൂര തകർന്നുവീണത്. കൂടുതൽ പേർക്ക് നിൽക്കാൻ മാത്രം ഉറപ്പില്ലാത്തിടത്താണ് ആളുകൾ കൂട്ടംകൂടി നിന്നത്. 30 ഓളം പേർ കിണറിൽ വീണതായാണ് വിവരം. 17 പേരെ രക്ഷപ്പെടുത്തി. നാലു പേരുടെ മരണം മധ്യപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

വൻജനക്കൂട്ടം ഒത്തുകൂടിയതിനു പിന്നാലെ കിണറിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. മുകളിലുണ്ടായിരുന്നവർ കൂട്ടത്തോടെ കിണറിൽ പതിച്ചു. കയറുകളും കോണികളും ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു പുറമെ പൊലീസ്, ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

ദുരന്തം നിർഭാഗ്യകരമാണെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

Advertisement