കാറ് കഴുകുന്ന ജോലിയിൽനിന്ന് പുറത്താക്കി; പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് തൊഴിലാളി

ന്യൂഡൽഹി: കാറ് കഴുകുന്ന ജോലിയിൽനിന്ന് ഒഴിവാക്കിയതിന് പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് യുവാവ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ നോയിഡ സെക്ടർ 75-ൽ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. യുവാവ് അപാർട്‌മെന്റിന്റെ ബേസ്‌മെന്റിൽ പാർക്ക് ചെയ്ത കാറുകളും എസ്‌.യു.വികളും ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വൈറലായ സി.സി.ടി.വി വിഡിയോയിൽ ഒരാൾ അപ്പാർട്ട്മെന്റിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ ആസിഡ് ഒഴിക്കുന്നതായി കാണാം. കുപ്പിയിൽ ആസിഡ് നിറച്ചാണ് ഇയാൾ കാറുകളിൽ ഒഴിച്ചത്. നോയിഡ, മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൈാസൈറ്റിയില കാർ ക്ലീനറായിരുന്ന രാംരാജ് (25) ആണ് പ്രതി. ഇയാളായിരുന്നു ഇവിടെയുള്ള അപ്പാർട്ട്മെന്റുകളിലെ താമസക്കാരുടെ വാഹനങ്ങൾ പതിവായി കഴുകിയിരുന്നത്. ഇയാളുടെ സേവനത്തിൽ ചിലർ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. രാംരാജിന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് അരിശം മൂത്ത് പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ ക്ലീനറായി ജോലി ചെയ്തിരുന്ന രാംരാജ് ആണ് കൃത്യം നിർവഹിച്ചതെന്ന് കാർ ഉടമകൾക്ക് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ രാംരാജിനെ അറസ്റ്റ് ചെയ്തു.

‘പ്രതി രാംരാജ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്തിരുന്നു. അവന്റെ സേവനത്തിലും ജോലിയുടെ ജോലിയുടെ ഗുണനിലവാരത്തിലും സൊസൈറ്റിയിലെ ചില താമസക്കാർ തൃപ്തരല്ലാത്തതിനാൽ അവർ അവനെ ഒഴിവാക്കാൻ തീരുമാനിച്ചു. ബുധനാഴ്ച സൊസൈറ്റിയിലെത്തിയ ഇയാൾ പത്തോളം കാറുകൾ ആസിഡ് ഒഴിച്ച് കേടുവരുത്തി’-നോയിഡ സെക്ടർ 113 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജിതേന്ദ്ര സിങ് പറഞ്ഞു.

Advertisement