പണം തട്ടുന്ന ചൈനീസ് ആപ്പുകള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ആപ്പുവച്ച് പണം തട്ടി യുവാവ്,നമിച്ച് പൊലീസ്

Advertisement

അഹമ്മദാബാദ്: സൈബര്‍ വലയിലൂടെ നിരവധി പേരെ കടക്കെണിയിലാക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത ചൈനീസ് ലോണ്‍ ആപ്പുകളെ പറ്റിച്ച് പണം തട്ടിയെടുത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി.
ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ സഞ്ജീവ് ബാരിയ(22) എന്ന യുവാവ് ആണ് ആപ്പുകള്‍ക്ക് മറുപണി നല്‍കിയത്. ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റന്റ് ലോണ്‍ തരികയും തിരിച്ചടവ് മുടങ്ങിയാല്‍ ലോണെടുക്കുന്ന വ്യക്തിയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അശ്ലീല സന്ദേശങ്ങളും ലോണ്‍ വിവരങ്ങളും അയയ്ക്കുകയും ചെയ്യുന്ന തട്ടിപ്പുകാരുടെ രീതി കൃത്യമായി മനസിലാക്കിയാണ് ബാരിയ തട്ടിപ്പ് നടത്തിയത്.

വ്യാജ രേഖകളും ഫോട്ടോയും സൃഷ്ടിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാണ് ബാരിയ തട്ടിപ്പിന് തുടക്കമിട്ടത്. ട്രേസ് ചെയ്യാന്‍ സാധിക്കാത്ത വ്യാജ പ്രൊഫൈലുകളിലൂടെ ബാരിയ നല്‍കിയ ലോണ്‍ അപേക്ഷകള്‍ പരിഗണിച്ച ആപ്പുകള്‍, ബാങ്ക് അക്കൗണ്ട് യഥാര്‍ഥമെന്ന് സ്ഥിരീകരിച്ച് പണം കൈമാറി. തിരിച്ചടവ് മുടങ്ങിയ വേളയില്‍ നടത്തിയ അന്വേഷണത്തിലാണ് ആപ്പുകള്‍ക്ക് കാര്യം മനസിലായത്.

തട്ടിപ്പ് ആപ്പുകള്‍ പരാതി നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ സംഭവം ആരും അറിഞ്ഞിരുന്നില്ല. മറ്റൊരു കേസില്‍ അറസ്റ്റിലായ വേളയിലാണ് ബാരിയ ഈ കേസിന്റെ വിവരം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആപ്പുകളില്‍ നിന്ന് ഇയാള്‍ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി വ്യക്തമായി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. സത്യത്തില്‍ ഇന്ത്യയില്‍ ഇത്തരം ആപ്പുകള്‍ വന്‍ കൊയ്ത്താണ് നടത്തുന്നത്. സ്വന്തം രാജ്യത്ത് നടപ്പാകാത്ത കുറ്റകൃത്യങ്ങള്‍ അയല്‍ രാജ്യത്ത് നടപ്പാക്കുന്ന ആപ്പുകളെ ഒതുക്കാന്‍ സ്വന്തം വഴി കണ്ടെത്തിയ യുവാവിനെ നമിച്ചിരിക്കയാണ് പൊലീസ്, ഇയാളെ ഉപയോഗപ്പെടുത്തി ആപ്പുകള്‍ക്ക് പാരപണിയാുള്ള സാധ്യതയും ആരായുന്നുണ്ട്.

Advertisement