ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തിന് മുന്‍പ് തന്നെ പുതിയ അധ്യയന വര്‍ഷം തുടങ്ങരുതെന്ന് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സിബിഎസ്ഇ.
കേരളത്തിലടക്കം ചില സംസ്ഥാനങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ തന്നെ പുതിയ അധ്യയന വര്‍ഷം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദ്ദേശവുമായി സിബിഎസ്ഇ രംഗത്തെത്തിയത്.
മാര്‍ച്ചില്‍ തന്നെ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമ്മര്‍ദ്ദത്തിനും തളര്‍ച്ചയ്ക്കും കാരണമാകുമെന്ന് സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നു. പഠനം നാത്രമല്ല വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളും പ്രധാനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ചില അഫിലിയേറ്റഡ് സ്‌കൂളുകള്‍ അവരുടെ അക്കാദമിക് സെഷന്‍ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇത്തരം നടപടികള്‍ വിദ്യാര്‍ത്ഥികളില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്കാണ് ഈ രീതിയില്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.
ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങള്‍ ഇല്ലാതെയാക്കുന്നു. പാഠ്യേതര െൈനപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാല്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന സമയക്രമത്തില്‍ ക്ലാസുകള്‍ തുടങ്ങണമെന്നും സിബിഎസ്ഇ ഇറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
പല സ്‌കൂളുകളും മാര്‍ച്ച് മാസത്തില്‍ ക്ലാസുകള്‍ തുടങ്ങിയതിനെതിരെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. പാഠഭാഗങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനാണ് ഈ നടപടിയെന്നാണ് സ്‌കൂളുകള്‍ വിശദീകരിച്ചത്.