പരീക്ഷക്ക് ശേഷം സ്‌കൂളിലെ ക്ലാസ്മുറികൾ അടിച്ചുതകര്‍ത്ത് വിദ്യാർഥികൾ

Advertisement

ചെന്നൈ: പരീക്ഷക്ക് ശേഷം സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ക്കുന്ന വിദ്യാർഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്ലാസുകളിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ അടിച്ചുതകർക്കുന്നത് വിഡിയോയിൽ കാണാം.

പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് അക്രമം നടത്തിയത്.ഏതാനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യം ക്ലാസ് മുറികളില്‍ കയറി പുസ്തകങ്ങളും മറ്റും കീറിയെറിഞ്ഞെന്നാണ് അധ്യാപകർ പറയുന്നത്. തുടര്‍ന്ന് ബെഞ്ചുകളും ഡെസ്ക്കുകളും ഫാനുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. അതേസമയം, സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

അതിക്രമം കാട്ടിയ വിദ്യാര്‍ഥികളെ അഞ്ചുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തടയാതിരുന്നതിന് അധ്യാപകര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. അധ്യാപകരില്‍നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും റെഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല.

Advertisement