ന്യൂഡല്‍ഹി : സ്വന്തം രാജ്യത്തെ ജനങ്ങള്‍ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുമ്‌ബോള്‍, പാകിസ്താന്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണെന്നും അടിസ്ഥാനരഹിതമായ പ്രചാരണത്തിനുപകരം സ്വന്തം ജനതയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യ . ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനെ (ഒഐസി) കടന്നാക്രമിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യ.
പാകിസ്താന്‍ സ്വന്തം ജനതയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിച്ച ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനിയാണ് ഒഐസിക്കെതിരെ ആഞ്ഞടിച്ചത്.
കശ്മീരികളെ ഇന്ത്യന്‍ അധികാരികള്‍ പ്രയാസപ്പെടുത്തുന്നുവെന്നാണ് പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്‍ വ്യാഴാഴ്ച നടത്തിയ പരാമര്‍ശം. ഇതിനെതിരെയാണ് സീമ പൂജാനി പറഞ്ഞത്.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഒഐസിയുടെ അനാവശ്യമായിട്ടുള്ള പരാമര്‍ശങ്ങള്‍ നിരസിക്കുന്നു. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നതാണ് വസ്തുത. ഇന്ത്യന്‍ പ്രദേശത്ത് പാകിസ്താന്‍ അധിനിവേശം നടത്തിയതാണെന്നും സീമ വ്യക്തമാക്കി.
പാകിസ്താന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം ഉപേക്ഷിക്കാനും ഇന്ത്യന്‍ പ്രദേശത്തെ അധിനിവേശം പിന്‍വലിക്കാനും ഒഐസിയുടെ അംഗമായ പാകിസ്താനോട് ആവശ്യപ്പെടുന്നതിനുപകരം ഇന്ത്യയ്ക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചരണത്തിന് അനുവാദം നല്‍കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ വര്‍ഗീയവും പക്ഷപാതവും തെറ്റായതുമായ സമീപനം സ്വീകരിച്ച് ഒഐസിയുടെ വിശ്വാസ്യത ഇതിനകം നഷ്ടപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഒഐസിയുടെ സമീപനം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ വിമര്‍ശിച്ചിരുന്നു.