ബംഗളുരു.കർണാടകയിൽ അഴിമതി കേസിൽ ഉൾപ്പെട്ട ബിജെപി എംഎൽഎ മണ്ഡൽ വിരൂപാക്ഷപ്പയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്, കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നിരവധി പേരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയ്ക്കു മുന്നിലായിരുന്നു പ്രതിഷേധം. ഇന്നലെയാണ് കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻ്റ് എംഡിയും എംഎൽഎയുമായ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മണ്ഡലിനെ കൈക്കൂലി കേസിൽ ലോകായുക്ത അറസ്റ്റു ചെയ്തത്.
ഇതിനു പിന്നാലെ വിരൂപാക്ഷപ്പ എംഡി സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു. കർണാടക സോപ്സിലേയ്ക്ക് അസംസ്കൃത വസ്തൂക്കൾ വിതരണം ചെയ്യാനായി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്പോഴായിരുന്നു അറസ്റ്റ്. വിരൂപാക്ഷപ്പ അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നും ലോകായുക്ത കണ്ടെത്തി. തുടർന്ന് പ്രശാന്തിൻ്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ ആറ് കോടി രൂപയും കണ്ടെത്തിയിരുന്നു.
വിരൂപാക്ഷപ്പയെ സംരക്ഷിയ്ക്കുന്ന നടപടിയിൽ നിന്നും മുഖ്യമന്ത്രി പിൻമാറണമെന്നും സംസ്ഥാനത്ത് അഴിമതിയില്ലെന്ന കള്ളം പ്രചരിപ്പിയ്ക്കുകയാണ് മുഖ്യമന്ത്രിയെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി