ജാതി മാറിയുള്ള വിവാഹം വീട്ടുകാർ എതിർത്തു; വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് 25കാരിയെ കുത്തിക്കൊന്നു

Advertisement

ബെംഗളുരു: 25കാരിയെ യുവാവ് കുത്തിക്കൊന്നു. ഈസ്റ്റ് ബെംഗളുരുവിലെ മുരുഗേഷ് പാല്യയിലാണ് യുവതിയെ പുരുഷ സുഹൃത്ത് പട്ടാപ്പകൽ കുത്തിക്കൊന്നത്. ലീല പവിത്ര നലമതി എന്ന യുവതിയാണ് 16 തവണ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആന്ധ്ര, ശ്രീകാകുളം സ്വദേശി ദിനകർ ബനല (28) ആണ് കുറ്റവാളി. യുവാവ് ഇതര ജാതിയിൽപെട്ടതായതിനാൽ ലീലയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നെന്നും ഇതോടെയാണ് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് കൊടും ക്രൂരത പ്രവർത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച്ച വൈകിട്ടോടെ ജോലി കഴിഞ്ഞ് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ലീലയെ ദിനകർ ബനല കുത്തിവീഴ്ത്തുകയായിരുന്നു. ലീലയുടെ ഓഫീസിന് പുറത്ത് കാത്തിരുന്ന ദിനകർ ആളുകൾ നോക്കി നിൽക്കേ നിരവധിതവണ കുത്തിയതായി പൊലീസ് പറഞ്ഞു. ജീവൻ ഭീമ നഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഒമേഗ ഹെൽത്ത് കെയർ മാനേജ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയാണ് ലീല. അടുത്തിടെയാണ് ലീല ബെംഗളൂരുവിൽ ജോലിക്കായി എത്തിയത്. ദോംലൂരിൽ മറ്റൊരു ഹെൽത്ത് കെയർ കമ്പനിയിലെ ജീവനക്കാരനാണ് പ്രതിയായ ദിനകർ.

അഞ്ച് വർഷമായി ദിനകറും ലീലയും പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പു മൂലം ബന്ധത്തിൽ നിന്നും പിന്മാറുകയാണെന്ന് ലീല ദിനകറിനെ അറിയിച്ചിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന രീതിയിലാണ് ദിനകർ ലീലയെ കാണാൻ എത്തിയത്. ഓഫീസിന് പുറത്തെത്തിയ ലീലയും ദിനകറും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് ദിനകർ യുവതിയെ ആക്രമിക്കുകയായിരുന്നു.

Advertisement