മുംബൈയിൽ ഭീകരാക്രമണത്തിനു നീക്കമെന്ന് വിവരം; ചൈനക്കാരിയായ ഭാര്യയുടെ ‘പാര’യെന്ന് പിടിയിലായ യുവാവ്

Advertisement

മുംബൈയിൽ ഭീകരാക്രമണത്തിനു നീക്കമെന്ന് വിവരം; ചൈനക്കാരിയായ ഭാര്യയുടെ ‘പാര’യെന്ന് പിടിയിലായ യുവാവ്

ന്യൂഡൽഹി: ചൈനക്കാരിയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയിൽ ജീവിച്ച ഇന്ത്യക്കാരനെ, പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും വിവിധ ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇൻഡോർ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും നൽകിയ വിവരത്തെ തുടർന്നാണ് സർഫറാസ് എന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇൻഡോറിനു സമീപം ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവിക്കുന്നയാളാണ് കസ്റ്റഡിയിലുള്ള സർഫറാസ് എന്ന് പൊലീസ് വെളിപ്പെടുത്തി.

അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ഭാഗമായി ചൈനീസ് വംശജയായ ഭാര്യ കെട്ടിച്ചമച്ചതാണ് തനിക്കെതിരായ ആരോപണമെന്നാണ് സർഫറാസിന്റെ വിശദീകരണം.

സർഫറാസ് എന്നൊരാൾ മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അടുത്തിടെ ഒരു സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് എൻഐഎയും മുംബൈ പൊലീസും സർഫറാസിനെ കുറിച്ചുള്ള വിവരങ്ങൾ മധ്യപ്രദേശ് പൊലീസിന് ഇമെയിൽ വഴി കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇൻഡോർ സ്വദേശിയായ സർഫറാസിനെ കസ്റ്റഡിയിലെടുത്തത്.

ഇയാൾ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നും ചൈനയിലേക്ക് യാത്ര നടത്തിയെന്നു തെളിയിക്കുന്ന ഇമിഗ്രേഷൻ സ്റ്റാംപ് പാസ്പോർട്ടിൽ ഉണ്ടെന്നുമാണ് വിവരം. 2005 മുതൽ 2018 വരെ ഇയാൾ ചൈനയിലാണ് ജീവിച്ചത്. കുറച്ചു കാലം ഇയോൾ ഹോങ്കോങ്ങിലും ഉണ്ടായിരുന്നതായി പറയുന്നു. ഒരു ചൈനീസ് സ്ത്രീയേയാണ് ഇയാൾ വിവാഹം കഴിച്ചത്. ഇവർ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സർഫറാസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് താനും ഭാര്യയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് സർഫറാസ് വിശദീകരിച്ചു. അതിനിടെ ഭാര്യയുടെ അഭിഭാഷകനുമായി വഴക്കിടേണ്ട സാഹചര്യമുണ്ടായി. അതിന്റെ ഭാഗമായി ഭാര്യയും അഭിഭാഷകനും ചേർന്ന് മെനഞ്ഞെടുത്ത തിരക്കഥയാണിത്. അവരാണ് എൻഐഎയ്ക്ക് വ്യാജ സന്ദേശം അയച്ചതിനു പിന്നിലെന്നും സർഫറാസ് പൊലീസിനോടു പറഞ്ഞു.

Advertisement