75കാരി മരിച്ച് ഒമ്പതു മാസത്തിനു ശേഷം വീട്ടുടമക്കും ഭാര്യക്കും മകനുമെതിരെ കൊലക്കുറ്റത്തിന് കേസ്

താനെ: ഒമ്പതു മാസം മുമ്പ് താനെയിൽ 75 കാരി കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുടമസ്ഥനും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ പരാതിയിലാണ് കേസ്. 1990 മുതൽ കല്യാൺ ടൗണിലുള്ള വീട്ടിൽ തനിച്ചാണ് വിധവയായ നൂർമുഹമ്മദ് ശൈഖ് താമസിച്ചിരുന്നത്. വീടൊഴിയാൻ വീട്ടുടമ നിർബന്ധം ചെലുത്തിയിട്ടും അവർ തയാറായില്ല. പലപ്പോഴും വീട്ടുടമസ്ഥൻ ഇക്കാര്യം പറഞ്ഞ് സമ്മർദ്ദം ചെലുത്താറുണ്ടെന്ന് നൂർ ബന്ധുവിനോട് പറഞ്ഞിരുന്നു.

പരാതി നൽകിയ ആളുടെ അമ്മായി ആണ് മരിച്ചത്. 2022 മേയ് 13ന് ബന്ധു അവരെ കണ്ടപ്പോൾ ആരോഗ്യവതിയായിരുന്നു. മേയ് 16 ന് നൂർ മരിച്ചുവെന്ന വിവരമാണ് ദിവസങ്ങൾക്കകം അവർ അറിയുന്നത്. വീട്ടിലെത്തിയപ്പോൾ മരവിച്ച നിലയിലുള്ള മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. ശരീരത്തിന്റെ പലയിടത്തും രക്തം കട്ടപിടിച്ച പാടുണ്ടായിരുന്നു. തുടർന്ന് ബന്ധുവിന്റെ അഭ്യർഥന പ്രകാരം പൊലീസ് മൃതദേഹം പോസ്​റ്റ്മോർട്ടത്തിനയച്ചു. പിന്നീട് വീട്ടുടമ ബന്ധുവിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങിക്കൊണ്ടുപോയി.

നൂറിന്റെ മരണത്തിൽ സംശയം തോന്നിയ ബന്ധു ജനുവരിയിൽ കോടതിയെ സമീപിച്ചപ്പോൾ പൊലീസിന് ​വീട്ടുടമക്ക് എതിരെ കേസെടുക്കാൻ നിർദേശം ലഭിച്ചു. തുടർന്ന് വീട്ടുടമക്കും അയാളുടെ ഭാര്യക്കും മകനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Advertisement