എച്ച്എഎൽ വിമാനത്തിൽ വീണ്ടും ഹനുമാൻ സ്റ്റിക്കർ; കാരണം പറയാതെ കമ്പനി

ബെംഗളൂരു∙ ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2023ൽ പ്രദർശിപ്പിച്ച പരിശീലന വിമാനത്തിൽ വീണ്ടും ഹനുമാൻ സ്റ്റിക്കർ. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച എച്ച്എൽഎഫ്ടി–42 എന്ന വിമാനത്തിലാണ് സ്റ്റിക്കർ പതിച്ചത്. എയ്റോ ഇന്ത്യ ഷോയുടെ തുടക്കത്തിൽ ഇതുപോലെ സ്റ്റിക്കർ പതിപ്പിച്ചിരുന്നു.

എന്നാൽ പ്രതിരോധ പ്രദർശനത്തിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതിനെതിരെ ചിലർ രംഗത്തെത്തി. തുടർന്ന് നീക്കം ചെയ്യുകയുമായിരുന്നു. എന്നാൽ 3 ദിവസത്തിനുശേഷം എയ്റോ ഇന്ത്യയു‌ടെ സമാപന ദിവസം വീണ്ടും സ്റ്റിക്കർ പതിക്കുകയായിരുന്നു.

വിമാനത്തിന് പിന്നിലുള്ള വെർട്ടിക്കൽ സ്റ്റെബിലൈസറിന്റെ വശത്താണ് സ്റ്റിക്കർ ഉള്ളത്. കൊടുങ്കാറ്റ് വരുന്നു എന്ന് അർഥമുള്ള ‘The Storm is Coming’ എന്ന വാചകവും ചിത്രത്തിന് താഴെയുണ്ട്. ഉന്നതാധികാരികളുടെ ഉത്തരവനുസരിച്ചാണ് സ്റ്റിക്കർ പതിച്ചതെന്ന് എച്ച്എഎൽ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

Advertisement