യുപിയിൽ 5,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്‌; പുതിയ നാല് മാളുകൾ

ലക്‌നൗ∙ യുപിയിൽ 25,000 പേർക്ക് പുതിയ തൊഴിൽ അവസരം നൽകുമെന്ന് ലുലു ഗ്രൂപ്പ് ലക്‌നൗവിൽ നടക്കുന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിയിൽ അറിയിച്ചു. വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങൾക്ക് പുറമെ അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ.

നോയിഡയിൽ ലുലു മാളും ഹോട്ടലും നിർമ്മിക്കും. 6000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. 2500 കോടി രൂപയാണ് നോയിഡയിൽ ലുലു നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. നോയിഡ സെക്ടർ 108ൽ 20 ഏക്കർ സ്ഥലമാണ് നോയിഡ അതോറിട്ടി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. 3 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ലക്‌നൗ മാളിന്റെ പ്രവർത്തനം ഏഴ് മാസം പിന്നിട്ടതിന് പിന്നാലെയാണ്, തീരുമാനമെന്ന് ലുലു ഗ്രൂപ്പ്‌ ചെയർമാൻ യൂസഫലി വ്യക്തമാക്കി. ഇതിനകം ഒരു കോടി 12 ലക്ഷം ആൾക്കാരാണ് മാൾ സന്ദർശിച്ചത്.

500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. 20 ഏക്കറിൽ ഉയരുന്ന ഫുഡ്‌ പാർക്കിലൂടെ 1700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഇതോടൊപ്പം കർഷകരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ ഇവിടെ നേരിട്ട് വിൽക്കാനാകും. ഗൾഫ് മേഖലയിലേക്ക് ഈ ഉത്പന്നങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്ന ചെയിൻ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോള നിക്ഷേപ സംഗമത്തിലാണ് യുപിയിലെ പുതിയ പദ്ധതികൾക്ക് ധാരണയായത്.

ആഗോള നിക്ഷേപ സംഗമത്തിൽ യുഎഇ പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കൂടിക്കാഴ്ച്ച നടത്തി. യുഎഇയും ഉത്തർ പ്രദേശും തമ്മിലുള്ള വാണിജ്യ വ്യവസായ രംഗത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

യുഎഇ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയെഗ്‌, യുഎഇ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയുദി, ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ പ്രസിഡന്റ് അബ്ദുല്ല അൽ മസ്രൊയി എന്നിവർ ഉൾപ്പെടുന്ന സംഘവുമായിട്ടാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. ആഗോള നിക്ഷേപക സംഗമത്തിന്റെ സ്മരണാർഥം യുഎഇ മന്ത്രിമാരായ അഹമ്മദ് ബിൻ അലി അൽ സയെഗ്‌ൽ, താനി ബിൻ അഹമ്മദ് അൽ സെയൂദി എന്നിവർ ഉച്ചകോടി നടക്കുന്ന വൃന്ദാവൻ മൈതാനിയിൽ വൃക്ഷത്തൈകൾ നട്ടു. മൂന്ന് ദിവസത്തെ നിക്ഷേപക സംഗം ഞായറാഴ്ച സമാപിക്കും.

Advertisement