അജ്ഞാതന്റെ ശരീരം വലിച്ചിഴച്ച് കാര്‍ പാഞ്ഞത് 10 കി.മീ; ഡ്രൈവര്‍ അറസ്റ്റില്‍

മഥുര∙ പുതുവര്‍ഷദിനത്തില്‍ ഡല്‍ഹിയില്‍ യുവതിയെ കാറിടിപ്പിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനം ഉത്തര്‍പ്രദേശിലെ മഥുരയില്‍. ചൊവ്വാഴ്ച പുലർച്ചെ അജ്ഞാതന്റെ ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആളെ ഇടിച്ചുവീഴ്ത്തിയശേഷം പത്തു കിലോമീറ്ററോളം സഞ്ചരിച്ചതാണെന്നാണു സംശയം. ഡല്‍ഹി സ്വദേശി വീരേന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ മറ്റേതെങ്കിലും വാഹനാപകടത്തില്‍ മരിച്ചയാളിന്റെ മൃതദേഹം തന്റെ കാറില്‍ കുടുങ്ങിയതാകാമെന്നും മൂടല്‍മഞ്ഞ് കാരണം അറിയാതിരുന്നതാണെന്നും വീരേന്ദര്‍ പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ആഗ്രയില്‍നിന്ന് പുലര്‍ച്ചെ നാലുമണിക്ക് നോയിഡയിലേക്കു യാത്ര ചെയ്യുകയായിരുന്നു വീരേന്ദ്രര്‍. യമുന എക്‌സ്പ്രസ് വേയില്‍ മഥുരയ്ക്കു സമീപത്തെ ടോള്‍ ബൂത്തില്‍ എത്തിയപ്പോഴാണു കാറില്‍ മൃതദേഹം കുടുങ്ങിയത് സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്നു കാര്‍ തടഞ്ഞ് വീരേന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഴിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ജനുവരി 1ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ ഇരുപതുകാരിയായ അഞ്ജലി സിങ്ങിനെ കാറിടിച്ചുവീഴ്ത്തിയശേഷം 13 കിലോമീറ്ററോളം വലിച്ചിഴച്ചത് വന്‍വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisement