വ്യോമസേനാ വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചു; മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു

ഭോപ്പാൽ: വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ പരിശീലന അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.

മൊറേനയിൽനിന്ന് നൂറു കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പുരിൽ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ഭരത്പുരിൽ ഒരു ചാർട്ടർ വിമാനം തകർന്നുവീണുവെന്നായിരുന്നു ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചിരുന്നത്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കി.

സുഖോയ്–30 വിമാനത്തിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. മിറാഷ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഇജക്ട് ചെയ്തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്
അപകടം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തിൽ ‍വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Advertisement