ന്യൂഡെല്‍ഹി.ഉക്രൈന്- റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും.
തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഏതെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കോ സര്‍വ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍ എം സി) ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
അതത് വിദേശ മെഡിക്കല്‍ കോളേജുകളിലെ/സര്‍വകലാശാലകളിലെ ഒന്നാം വര്‍ഷ മുതല്‍ നാലാം വര്‍ഷ വരെ ബാച്ചുകളിലെ ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പ്രാഥമികമായി അതാത് സെമസ്റ്ററുകളില്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറണം എന്ന് ആവശ്യപ്പെടുന്നതാണ് ഹർജ്ജികൾ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻ നിർത്തി മറ്റെതെൻകിലും രാജ്യത്ത് അടക്കം പഠന സൌകര്യം ഒരുക്കണം എന്ന താത്പര്യം ഇക്കാര്യത്തിൽ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. യുക്രൈനില്‍ വിദ്യാര്‍ത്ഥികൾക്ക് തുടര്‍ പഠനം നടത്തുന്നതിലുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയംതന്നെ പാര്‍ലമന്റില്‍ രേഖാമൂലം വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്ദേശിക്കണെമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം