ബിബിസി ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കി

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യുട്യൂബിനും കേന്ദ്രസർക്കാരിന്റെ നിർദേശം. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വിഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം ചെയ്യാനാണ് നിർദേശം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട 50ലേറെ ട്വീറ്റുകൾ നീക്കം ചെയ്യാൻ വാർത്താവിനിമയ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകൾ ഇതിനോടകം തന്നെ നീക്കം ചെയ്തു. ഇക്കാര്യം ഡെറക് തന്നെ മറ്റൊരു ട്വീറ്റിലൂടെ വെളിപ്പെടുത്തി. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ലക്ഷങ്ങളാണ് കണ്ടത്. പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്നത് ഡോക്യുമെന്ററിയിൽ തുറന്നുകാട്ടുന്നുവെന്ന് ഡെറക് കുറിച്ചു.

അതേസമയം, ഡോക്യുമെന്ററി വിഷയത്തില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ പ്രസ്താവനയുമായി രംഗത്തെത്തി. 13 റിട്ട. ജഡ്ജിമാരും മുന്‍ സ്ഥാനപതിമാരും അടക്കമുള്ളവരാണ് രംഗത്തെത്തിയത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണ് ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കു സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു തെളിവു ലഭിച്ചിരുന്നുവെന്ന് ഡോക്യുമെന്ററിയിൽ ബ്രിട്ടന്റെ മുൻ വിദേശകാര്യമന്ത്രി ജാക് സ്ട്രോ പറയുന്നുണ്ട്.

എന്നാൽ ഇതു തൽപരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ ചിന്താഗതി പുറത്തുവരുന്നതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ബിബിസിയുടെ ഒരു ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയിൽ കാണിച്ചിരുന്നില്ലെന്നും ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികരണമെന്നും വക്താവ് പറഞ്ഞു. ഇവിടെ കാണിച്ചില്ല എന്നതുകൊണ്ട് വ്യാജപ്രചാരണമാകാതിരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെ അവർക്കു തെളിവു ലഭിച്ചുവെന്നും ആ സമയത്തു ബ്രിട്ടൻ ഇന്ത്യ ഭരിച്ചിരുന്നുവോയെന്നും വക്താവ് ചോദിച്ചു.

Advertisement