ഗോൾഡൻ ലെഹങ്കയിൽ രാധിക, നീലയിൽ തിളങ്ങി അനന്ത്, വിവാഹനിശ്ചയ വിഡിയോ

Advertisement

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയം വ്യാഴാഴ്ച വൈകിട്ട് നടന്നു. മുംബൈയിലെ വസതയിൽ പാരമ്പരാഗത രീതിയിലായിരുന്നു ചടങ്ങ്. അനന്തും രാധികയും വിവാഹിതരാകുന്ന വിവരം 2019ൽ ഇരുകുടുംബങ്ങളും അറിയിച്ചിരുന്നു.

ഗുജറാത്തി ഹിന്ദു പാരമ്പര്യം അനുസരിച്ചുള്ള ഗോൽ ധന, ചുനരി വിധി എന്നീ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിലുള്ള സംഘം വധൂഗൃഹത്തിലെത്തി രാധികയെയും കുടുംബത്തെയും ക്ഷണിച്ചു കൊണ്ടു വന്നു. തുടർന്ന് രാധികയും അനന്തും കുടുംബക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി.

ഗോൾഡൻ ലെഹങ്കയായിരുന്നു രാധികയുടെ വേഷം. റോയൽ ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് അനന്ത് ധരിച്ചത്. നിശ്ചയത്തിനു മുന്നോടിയായി വേദിയിൽ ഗണേശ പൂജ നടത്തി. തുടർന്ന് പത്രിക വായിക്കുകയും മോതിരങ്ങൾ അണിയിക്കുകയും ചെയ്തു. അംബാനി കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം.

എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക.ന്യൂയോർക്ക് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിൽ ഡയറക്ടറാണ്.

യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അനന്ത് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ‍ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement