അഞ്ജുവിനെ വിടാതെ പിന്തുടര്‍ന്ന ആകാശദുരന്തം, ഒരു നടുക്കുന്ന കുടുംബ കഥ

Advertisement

കാഠ്മണ്ഡു: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൈലറ്റായ ഭര്‍ത്താവിന്റെ ജീവന്‍ ഒരു വിമാനദുരന്തത്തില്‍ നഷ്ടപ്പെടുക, പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ എയര്‍ലൈന്‍സിന്റെ സഹപൈലറ്റ് സ്ഥാനത്ത് ഇരുന്നുകൊണ്ടു തന്നെ ഭാര്യയുടെ ജീവന്‍ കൂടി പൊലിഞ്ഞു പോകുക. അതും സ്ഥാനക്കയറ്റത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ്.

ആകാശദുരന്തങ്ങള്‍ വിടാതെ പിന്തുടരുകയെന്ന് തോന്നി പോകുന്നതാണ് അഞ്ജു ഖത്തിയവാഡയുടെ കുടുംബത്തിന്റെ വിധി.

ഇന്നലെ നേപ്പാളില്‍ ഉണ്ടായ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട സഹപൈലറ്റാണ് അഞ്ജു ഖത്തിയവാഡ. യതി എയര്‍ലൈന്‍സിന്റെ വിമാനമായിരുന്നു ഇന്നലെ അപകടത്തില്‍പ്പെട്ടത്. ഇതേ യതി എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു അഞ്ജുവിന്റെ ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേലും. ദീപക്കിന് ജീവന്‍ നഷ്ടമായതും യതി എയര്‍ലൈന്‍സിന്റെ വിമാനദുരന്തത്തിലായിരുന്നു. 2006 ജൂണ്‍ 21-ന് ദീപക് പറത്തിയ വിമാനം അപകടത്തില്‍പ്പെട്ട് ദീപക് അടക്കം പത്ത് പേര്‍ മരിച്ചിരുന്നു. നേപ്പാളിലെ ജുംല എന്ന പ്രദേശത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.

ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായി. പൈലറ്റായി തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോയി. ദീപക്കുമായുള്ള വിവാഹത്തില്‍ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തില്‍ 7 വയസ്സുള്ള മകനുമുണ്ട് അഞ്ജുവിന്. ഇന്നലെ ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനം അപകടത്തില്‍പെടുമ്‌ബോള്‍ ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികില്‍ നില്‍ക്കുകയായിരുന്നു അഞ്ജു ഖത്തിയവാഡ.

Advertisement