മൂത്രമൊഴിച്ചത് ഞാനല്ല, സീറ്റിൽ മൂത്രമൊഴിച്ചത് ആ സ്ത്രീ തന്നെ: ശങ്കർ മിശ്ര കോടതിയിൽ

Advertisement

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്നു ‍ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റിലായ ശങ്കർ മിശ്ര, വിചിത്ര വാദവുമായി കോടതിയിൽ. പരാതി നൽകിയ പ്രായമുള്ള സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും, അവർ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് ശങ്കർ മിശ്രയുടെ പുതിയ വാദം. കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രമായ ഈ വാദം ഉയർത്തിയത്.

മിശ്രയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിൽ സെഷൻസ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ശങ്കർ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റൻ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച ഹർജി അഡീഷനൽ സെഷൻസ് ജഡ്ജി ഹർജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.

ശങ്കർ മിശ്ര സമർപ്പിച്ച ജാമ്യ ഹർജി കഴി‍ഞ്ഞ ദിവസം മെട്രൊപൊളീറ്റൻ മജിസ്ട്രേറ്റ് കോമൾ ഗാർഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മിശ്രയ്ക്ക് ജാമ്യം നൽകുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.

നവംബർ 26ന് ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണു സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര, 70 വയസ്സുള്ള കർണാടകക്കാരിയായ യാത്രികയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് യുഎസ് ആസ്ഥാനമായുള്ള വെൽസ് ഫാർഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയിൽനിന്ന് പുറത്താക്കിയിരുന്നു.

പരാതി നൽകിയതോടെ ബെംഗളൂരുവിൽ സഹോദരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാത്രിയാണു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച ഡൽഹി പട്യാല ഹൗസ് കോടതി, മിശ്രയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ജയിലിലടച്ചിരുന്നു.

പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഫോൺ ഓഫാക്കി ഒളിവിൽ പോയ ശങ്കർ മിശ്ര, സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ഒരിടത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതും പൊലീസിനു സഹായകമായി. ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ഡൽഹി പൊലീസ് വെള്ളിയാഴ്ച രാവിലെ അവിടെയെത്തി. എളുപ്പം തിരിച്ചറിയാതിരിക്കാൻ ശങ്കർ മുഖം ക്ലീൻ ഷേവ് ചെയ്തിരുന്നു.

സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിലൊരാളെയും നാല് കാബിൻ ജീവനക്കാരെയും എയർ ഇന്ത്യ ജോലിയിൽനിന്നു മാറ്റി നിർത്തി കാരണംകാണിക്കൽ നോട്ടിസ് നൽകി. സംഭവത്തിൽ ഖേദപ്രകടനം നടത്തിയ എയർ ഇന്ത്യ, വിഷയം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നുവെന്നു സമ്മതിച്ചു. സംഭവം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് എയർ ഇന്ത്യയെ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വിമർശിച്ചിരുന്നു.

Advertisement