തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഡിസംബറിൽ 8.3 ശതമാനം

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമായി ഉയർന്നു. ഇത് 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നവംബറിൽ ഇത് 8 ശതമാനമായിരുന്നു. ഡിസംബറിൽ നാഗരിക മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണമേഖലയിൽ 7.55 ശതമാനവുമാണ്. നവംബറിൽ ഇത് യഥാക്രമം 7.55 ശതമാനവും, 7.44 ശതമാനവുമായിരുന്നു.

തൊഴിൽ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി ഉയർന്നിട്ടുണ്ട്. അതുപോലെ ഡിസംബറിലെ തൊഴിൽനിരക്ക് 37.1 ശതമാനമാണ്. ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് വ്യക്തമാക്കി.

2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പണപ്പെരുപ്പം നിയന്ത്രിക്കുകയും ദശലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് മോദി സർക്കാരിനു മുന്നിലെ വെല്ലുവിളി. ഹരിയാനയിലെ ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമാണ്. രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ ഇത് യഥാക്രമം 28.5, 20.8 ശതമാനമാണ്.

അതേസമയം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബിജെപിയുടെ വിഭജന രാഷ്ട്രീയം എന്നിവയ്ക്കെതിരായാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കോൺഗ്രസിന്റെ ജോഡോ യാത്ര തിരിച്ചടിക്കുമോ എന്ന ആശങ്കയും ബിജെപിയെ അലട്ടുന്നുണ്ട്

Advertisement