ലോകത്തിലെ ദൈർഘ്യമേറിയ ആഡംബര നദീസവാരിക്കായി ഇന്ത്യ; ദൂരം 3,200 കി.മീ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിക്കൊരുങ്ങി ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം പിന്നിടും. ഉത്തർപ്രദേശിലെ വാരാണസിയിൽ തുടങ്ങി അസമിലെ ദിബ്രുഗഡ് വരെയുള്ള യാത്രയിൽ ബംഗ്ലദേശിലൂടെയും ‘റിവർ ക്രൂസ്’ സഞ്ചരിക്കും.

വിദേശികളടക്കമുള്ള സഞ്ചാരികൾ ക്രൂസിലുണ്ടാകും. ഗംഗ, ഭാഗിരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെ ക്രൂസ് സഞ്ചരിക്കും. 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. ‘‘ഇതു ലോകത്തിലെതന്നെ സവിശേഷമായ ക്രൂസാണ്. ഇന്ത്യയിൽ വളരുന്ന ക്രൂസ് ടൂറിസത്തിന്റെ പ്രതിഫലനമാണിത്. ബംഗാളിലുള്ളവരെല്ലാം ഇത് ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു’’– കഴി‍ഞ്ഞദിവസം വിഡിയോ കോൺ‌ഫറൻസ് വഴി ബംഗാളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ മോദി പറഞ്ഞു.

ഈ മാസം 13ന് ക്രൂസിന്റെ ആദ്യ യാത്രയാണ്. വാരാണസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കാണാനുള്ള സൗകര്യമുണ്ടാകും. ഏകദേശം 1,100 കിലോമീറ്റർ ദൂരം ബംഗ്ലദേശിലൂടെയാണു ക്രൂസിന്റെ സഞ്ചാരം. ഇന്ത്യ-ബംഗ്ലദേശ് പ്രോട്ടോക്കോൾ റൂട്ട് അനുസരിച്ചാണു യാത്രാപഥം തയാറാക്കിയതെന്ന് അധികൃതർ പറഞ്ഞു.

Advertisement